വിവാദങ്ങളുടെ തോഴനാണ് പൂഞ്ഞാറില്‍ നിന്നും തോറ്റ് തുന്നം പാടിയ പി.സി ജോര്‍ജ്ജ് എന്ന കേരള രാഷ്ട്രീയത്തിലെ എടുക്കാചരക്ക്. നിലവില്‍ ബി.ജെ.പി നേതാവാണ്. അതിനാല്‍ തന്നെ കേരള പൊലീസിന്റേയും സര്‍ക്കാറിന്റേയും സഹായം ആവോളം ലഭിക്കുന്നുമുണ്ട്. പി.സിയെ കേരള സര്‍ക്കാര്‍ സ്നേഹിച്ചപോലെ കാഞ്ചനമാല മൊയ്തിനെ പോലും സ്നേഹിച്ചു കാണില്ല അത്രമേല്‍ സ്നേഹവും സഹായവുമാണ് വര്‍ഗീയ വിദ്വേഷ പ്രചാരണത്തില്‍ വിചാരണ കോടതികളും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റു ചെയ്യാതെ പി.സിക്ക് നല്‍കുന്നത്. തിരഞ്ഞെടുപ്പുകളില്‍ തരാതരം വര്‍ഗിയത പ്രചരിപ്പിക്കാന്‍ സമുദായ പത്രങ്ങ ളെ കൂട്ടു പിടിക്കുന്ന സി.പി.എമ്മിന് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് ധ്രുവീകരണത്തിനുള്ള നല്ല ബെസ്റ്റ് ഉപാധിയാണ്. പി.സി അതിനാല്‍ തന്നെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ സി.പി.എമ്മില്‍ നിന്നും പി.സിക്ക് ലഭിക്കുന്നുമുണ്ട്. മതവിദ്വേഷ പ്രസ്താവനകള്‍ നിരന്തരം നടത്തുന്ന പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം ഒന്നും വായിക്കേണ്ടത് തന്നെയാണ്. പി.സി സ്ഥിരം കുറ്റവാളിയാണെന്നും രാഷ്ട്രീയത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നും ഹൈക്കോടതി എടുത്ത് പറഞ്ഞു. രാഷ്ട്രീയ നേതാവ് സമൂഹത്തിന്റെ റോള്‍ മോഡലാകണം. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനതത്ത്വമാണ്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിദ്വേഷ പ്രസ്താവന മുളയിലേ നുള്ളണമെന്നും കോടതി വ്യക്തമാക്കിക്കഴിഞ്ഞു. ജാമ്യാ പേക്ഷ തള്ളുക എന്നാല്‍ പൊലീസിനോട് പോയി പിടിച്ചോ എന്നുള്ള ആംഗ്യം കാട്ടല് തന്നെയാണ്. പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് പി.സിയെ പിടിക്കുന്നില്ല.
വീട്ടില്‍ രണ്ട് നോട്ടീസുമായി പോയി ആളില്ലെന്നും പറഞ്ഞ് മടങ്ങിയത്രേ. സര്‍ക്കാറിനെതിരെ പ്രതിഷേധിച്ചതിന് രാഹുല്‍ മാങ്കുട്ടത്തിലിനെ കിടക്കപായില്‍ നിന്നും വീട് വളഞ്ഞ് പിടിച്ച പൊലീസാണിതെന്ന് മറക്കരുത്. എന്തു കൊണ്ട് ജോര്‍ജ്ജിനെ പിടിക്കുന്നില്ലെന്ന് ചോദിച്ചാല്‍ ഉത്തരം സോ സിമ്പിള്‍ ജോര്‍ജ്ജ് സി.പി.എമ്മിനും ഭരണത്തിനും വേണ്ട നല്ല ഒന്നാം തരം മൊതലാണ്. വേറൊന്നു കൊണ്ടുമല്ല. കേരളത്തിലെ ആഭ്യന്തര വകുപ്പ് എന്നോ ബി.ജെ.പിക്കാര്‍ കയ്യാളിയതിനാല്‍ ഇത്രയൊക്കെയെ പ്രതീക്ഷിക്കാവൂ. പിവി അന്‍വറിനെ പാതിരാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത പൊലീസ് ജോര്‍ജിനെ തൊടാത്തത് അയാളെ കിട്ടാഞ്ഞിട്ടൊന്നുമല്ല. ക്രിസംഘികളെ അടുത്ത തിരഞ്ഞെടുപ്പ് വരെ വളര്‍ത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. എങ്കില്‍ മാത്രമേ യുഡി.എഫിനെ മറികടക്കാനാവശ്യമായ വോട്ട് ധ്രുവീകരണം കരുതിയ പോലെ നടക്കു. നാഴികക്ക് നാല്പത് വട്ടം കളം മാറിച്ചവിട്ടിയ റെക്കോഡാണ് പി.സി ക്ക് കേരളത്തിലുള്ളത്. എന്തിനും ഏതിനും പ്രതികരിച്ച് ആദ്യമൊക്കെ താന്‍ എന്തോ വലിയ സംഭവമാണെന്ന് മാലോകര്‍ക്ക് മുന്നില്‍ സ്വയം ഇമേജുണ്ടാക്കിയതൊഴിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ പി.സി ജോര്‍ജ്ജിന്റെ സമ്പാദ്യം വിദ്വേഷം വിതക്കല്‍ മാത്രമാണ്. രാഷ്ട്രീയ ലൈംലൈറ്റില്‍ നിന്നും അകന്നതോടെ സ്വന്തം പാര്‍ട്ടിയായ ജനപക്ഷം ചാണക പക്ഷമാക്കി ബി.ജെ.പിയിലാണ് ജോര്‍ജ്ജും മകനും നിലവില്‍ അഭയം തേടിപ്പോയത്. നാക്കിന് എല്ലില്ലാത്തതിനാല്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന നിലയില്‍ എന്തും വിളിച്ചു പറയും.
എല്ലാത്തിനും തെളിവുണ്ടെന്ന് വിമ്പ് പറഞ്ഞ് ഒടുവില്‍ സിനിമയില്‍ ശങ്കരാടി കാണിക്കുന്ന പോലെ കൈ രേഖ ഉയര്‍ത്തിക്കാണിക്കും. ഇതാണ് പി.സിയുടെ തനത് സ്റ്റൈല്‍. ഇടത് മാറി വലത് മാറി ഒടുവില്‍ ചാണകക്കുഴിയില്‍ വീണതോ ഇപ്പോള്‍ ഉത്തരേന്ത്യയില്‍ ചാണക സംഘികള്‍ പയറ്റുന്ന വര്‍ഗിയ വിഷം ചിറ്റുക എന്ന എളുപ്പ പണി പയറ്റുന്നത്. കൂട്ടിന് ക്രിസംഘികളും സാക്ഷാല്‍ സംഘികളുമുള്ളതിനാല്‍ യഥേഷ്ടം മേഞ്ഞ് നടക്കുകയാണ്. കേരളത്തില്‍ ആഭ്യന്തര വകുപ്പ് ഇല്ലെന്ന് ഏറെക്കുറെ പലവുരു തെളിയിച്ചതിനാല്‍ പി.സി ഇങ്ങനെ വിഷം ചീറ്റും. പരാതികള്‍ നല്കിയാല് അതൊന്നും ഫലം കാണുകയുമില്ല. ഇപ്പോള്‍ മുസ്ലിംക കള്‍ക്കെതിരെയാണ് ജോര്‍ജ്ജ്. അറസ്റ്റ് ചെയ്യാനോ നടപടിക്ക് വിധേയമാക്കാനോ ഒന്നും തന്നെ പൊലീസോ ആഭ്യന്തര വകുപ്പോ തയ്യാറാവില്ലെന്ന് പി.സി ക്കുമറിയാം. മുസ്ലിംകള് എല്ലാം വര്‍ഗീയവാദികളാണ് അല്ലെങ്കില്‍ എല്ലാവരും തീവ്രവാദികളാണെന്ന തരത്തില്‍ വളരെ മോശമായ ഒരു പരാമര്‍ശം ചാനല്‍ ചര്‍ച്ചയ്ക്കിടെ പിസി ജോര്‍ജിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടും ഇതിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കിയിട്ടും നാളുകള്‍ പിന്നിട്ട ശേഷമാണ് പൊലീസ് കേസെടുക്കാന്‍ പോലും തയ്യാറായത്. ഏതെങ്കിലും പോസ്റ്റിന് താഴെ കമന്റിട്ടാല്‍ സ്വമേധയാ കേസെടുക്കുന്ന കേരള പൊലീസാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് കൂടി ഓര്‍ക്കണം.
മനുഷ്യര്‍ക്കിടയില്‍ ജാതിമത വിഭാഗിയത ഉണ്ടാക്കുക മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത പ്രസംഗിക്കുക എന്നല്‍ ഇന്ത്യന്‍ യമപ്രകാരം കുറ്റമാണ്. ആ കുറ്റം ഒരാള്‍ ചെയ്തു എന്ന് തെളിഞ്ഞാല്‍ മുന്പില് തെളിവുകള്‍ ഉണ്ടെങ്കില്‍ അയാള്‍ക്കെതിരെ പരാതിയില്ലാതെ കേസ് എടുക്കാനും നിയമനടപടികളുമായി മുന്നോട്ടു പോകാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. എന്നിട്ടും ഇതിനൊന്നും തയ്യാറാവാതെ പി.സിയെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ് ആഭ്യന്തര വകുപ്പും പൊലീസും മുഖ്യധാരയില്‍ നിന്ന് ആട്ടി അകറ്റപ്പെട്ട ഒരാള്‍ രാഷ്ട്രീയമായി മോഹഭംഗം വന്ന ഒരാള്‍ എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറയുന്നു അയാള്‍ പറയട്ടെ എന്ന രീതിയില്‍ അത്രത്തോളം ലാഘവത്തോടെ ഇതിനു മൗനാനുവാദം നല്‍കുന്നതിന് പിന്നില്‍ സര്‍ക്കാറിന് കൃത്യമായ അജണ്ടയുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.


