കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്. കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോൾ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേച്ചൊല്ലി സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തടയാൻ ശ്രമിച്ച പൊലീസുകാർക്കെതിരെയും ആക്രമണമുണ്ടായി.
സംഭവത്തിൽ പ്രതിയായ ആളെ പിടിക്കാൻ പൊലീസ് വീണ്ടും ക്ഷേത്രത്തിലെത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസിനെ സിപിഎം പ്രവർത്തകർ വളഞ്ഞു ജീപ്പിൽ നിന്നും മോചിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. ഈ സംഭവത്തിൽ 55 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.


