മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്.
അലക്ഷ്യമായി വാഹനമോടിക്കല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നാഗര്‍കോവില്‍ സ്കോട്ട് ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥികളായ ആദിക, വേണിക, സുതന് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
അതേസമയം മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ അപകടനില തരണം ചെയ്തു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ചയാണ് അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 40 അംഗ സംഘം നാഗര്‍കോവില്‍ നിന്ന് മൂന്നാറിലെത്തിയത്. മാട്ടുപ്പെട്ടി സന്ദര്‍ശിച്ച് കുണ്ടള ഡാമിലേക്കുള്ള യാത്രക്കിടെയാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടത്തില്‍ പെടുന്നത്.


