തിരുവനന്തപുരം കാര്യവട്ടം ഗവണ്മെന്റ് കോളജില്‍ വച്ച് താന്‍ നേരിട്ട റാഗിംഗിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് വിദ്യാര്‍ത്ഥി. തന്നെ മര്‍ദിച്ചത് ക്യാംപസിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ സീനിയേഴ്സാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. യൂണിറ്റ് റൂമില്‍ കൊണ്ടുപോയി തന്നെ മുട്ടുകാലില്‍ നിര്‍ത്തിയെന്നും ഏഴോ എട്ടോ പേര് ചേര്‍ന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെല്‍റ്റ് കൊണ്ടുള്‍പ്പെടെ മര്‍ദിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാഗിങ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്പെന്‍ഡ് ചെയ്തത്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കോളജിന്റെ നടപടി. വേലു, പ്രിന്‍സ്, അനന്തന്, പാര്ഥന്, അലന്, ശ്രാവണ്‍, സല്മാന് എന്നിവരാണ് സസ്പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍.
ഒരു പ്രകോപനവുമില്ലാതെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചതെന്ന് റാഗിംഗിന് ഇരയായ കുട്ടി പറഞ്ഞു. എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചു മര്‍ദിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രം യൂണിറ്റ് റൂമില്‍ കൊണ്ടുവന്ന് മര്‍ദിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഇനി കോളജില്‍ കയറിയാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബസ് സ്റ്റോപ്പില്‍ വച്ച് തന്നെ വിളിച്ചു. മര്‍ദിക്കാനാണെന്ന് മനസിലായതോടെ താന്‍ ചെന്നില്ല. മര്‍ദനത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു. തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. പിന്നാലെയാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്.


