തൃശൂര്‍ ചാലക്കുടി ബാങ്ക് കവര്‍ച്ചാ കേസില്‍ പ്രതി റിജോ ആന്റണിയെ പൂട്ടിയത് പ്രദേശവാസിയുടെ മൊഴി. സിസിടിവിയില്‍ കണ്ടതുപോലെ ഒരാള്‍ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നായിരുന്നു സ്ത്രീയുടെ മൊഴി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഷൂസും സ്കൂട്ടറും കണ്ടെത്തുകയായിരുന്നു.
അതേസമയം പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതിയെ തെളിവെടുപ്പിനായി ഇറക്കുന്നതിന് മുന്‍പ് പോലീസിന് മുന്നില്‍ വിങ്ങിപൊട്ടി. അബദ്ധം പറ്റിയെന്ന് പറഞ്ഞായിരുന്നു പ്രതി കരഞ്ഞത്. എന്നാല്‍ 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസിന് പിടികൂടാനായത്.
പ്രതി വെറും മൂന്ന് മിനിറ്റുകൊണ്ടാണ് ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ന്ന് കളഞ്ഞിരുന്നത്. ബാങ്കിലുണ്ടായിരുന്ന രണ്ട് സജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം മുറിയില്‍ പൂട്ടിയാണ് കവര്‍ച്ച നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതി റിജോ ആന്റണി പിടിയിലായത്. എന്നാല്‍ കവര്‍ച്ചയ്ക്കു ശേഷം വസ്ത്രം മാറിയും വാഹനത്തില്‍ മാറ്റം വരുത്തിയും പ്രതി പൊലീസിനെ കുഴക്കിയിരുന്നു.
കട ബാധ്യത കാരണമാണ് ബാങ്കില്‍ കവര്‍ച്ച നടത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം കവര്‍ന്ന പണവും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കത്തിയും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. 12 ലക്ഷം രൂപയാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.


