അമേരിക്ക നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി അമൃത്സര്‍ വിമാനത്താവളത്തില്‍ അമേരിക്കയുടെ സി-17 സൈനിക വിമാനത്തിലെത്തിച്ച 116 പേരില്‍ പട്യാല ജില്ലയിലെ രാജ്പുരയില്‍ നിന്നുള്ള രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2023 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ പ്രതികളായ സണ്ണി എന്ന സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാജ്പുര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അമൃത്സര്‍ വിമാനത്താവളത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യക്കാരില്‍ കൊലപാതകകേസില്‍ ഉള്‍പ്പെട്ടവരുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പിന്നാലെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി.
2023 ജൂണിലാണ് സന്ദീപിനും മറ്റ് നാല് പേര്‍ക്കുമെതിരെ രാജ്പുര പോലീസ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 11.40 ഓടെയാണ് അമേരിക്കയുടെ സി-17 ഗ്ലോബ്മാസ്റ്റര് വിമാനത്തില്‍ ഇന്ത്യക്കാരെ അമൃത്സര്‍ വിമാനത്താവളത്തിലെത്തിച്ചത്. കയ്യിലും കാലിലും വിലങ്ങുവെച്ചാണ് ഇത്തവണയും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതെന്നാണ് വിവരം.
പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യു.പി, മഹാരാഷ്ട്ര, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.


