നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കുടുംബം. മുഖത്തും മൂക്കിലുമുണ്ടായത് മുറിവല്ലെന്നും തഴമ്പാണെന്നും ഗോപന്റെ ഭാര്യ സുലോചന പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്നും കുടുംബം പറഞ്ഞു.
അതേസമയം മരണത്തില്‍ അസ്വഭാവികതയില്ലെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കുടുംബം പറയുന്നത് സത്യമാണെന്നു തെളിയിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്നും വിഷ്ണുപുരം ചന്ദ്രശേഖര്‍ പറഞ്ഞു.
സമാധിയിലെത്തുന്ന പണം കുടുംബത്തിന്റെ ചിലവിനു ഉപയോഗിക്കില്ലെന്ന് ഗോപന്റെ മകന് രാജസേനന് പറഞ്ഞു. അത് ട്രസ്റ്റ് തന്നെ കൈകാര്യം ചെയ്യുമെന്നും ഉപജീവിനത്തിനായി പശുക്കള്‍ ഉണ്ടെന്നും മകന് വ്യക്തമാക്കി.
ഗോപന് നിരവധി അസുഖങ്ങള്‍. ഹൃദയധമനികളില്‍ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രാസപരിശോധനാഫലം വന്നാലേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും കാലില്‍ അള്‍സറുമുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


