ദീര്‍ഘനാളത്തെ മുറവിളിക്കുശേഷം മുണ്ടക്കെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി വായ്പയായി പണം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ദുരന്തബാധിതരോടുള്ള വെല്ലുവിളിയാണ്. ടൗണ്‍ഷിപ് ഉള്‍പ്പെടെയുള്ളവയുടെ നിര്മാണപ്രവര് ത്തികള്ക്കാണ് പണം അനുവദിച്ചത്. എന്നാല്‍ 529.50 കോടി രൂപയുടെ പുനര്‍നിര്‍മാണം ഒന്നര മാസം കൊണ്ടു പൂര്‍ത്തിയാക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് ഇതോടൊപ്പം സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ടൗണ്‍ഷിപ്പ്, പാലം, സ്കൂള്‍, റോഡുകള്‍ എന്നിവയെല്ലാം ഈ കാലയളവിനുള്ളില്‍ നിര്‍മിക്കേണ്ടതുണ്ട്. ഒരിക്കലും സംസ്ഥാനത്തിന് ഉതകരുതെന്ന രീതിയിലാണ് ഇപ്പോഴത്തെ ഈ വായ്പയെന്നത് ഒറ്റനോ ട്ടത്തില്‍ തന്നെ ആര്‍ക്കും ബോധ്യമാണ്. രാജ്യം ദര്‍ശിച്ചതില്‍ വെച്ചേറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് സാക്ഷിയാകേണ്ടിവന്ന ഭൂപ്രദേശം കേരളത്തിലായിപ്പോയി എന്നതിന്റെ പേരില്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതു മുതല്‍ തീര്‍ത്തും അവഗണനാപരമായ സമീപനമാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കേരളം രാജ്യത്തെ ഒരു സംസ്ഥാനമാണെന്ന യാഥാര്‍ത്ഥ്യത്തെ കാറ്റില്‍ പറത്തി, ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്തയെ നഗ്നമായി ലംഘിച്ച്, ഭരണഘടനയെ പോലും ചോദ്യംചെയ്തുകൊണ്ടുള്ള മോദി സര്‍ക്കാറിന്റെ സമീപനം അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലിന്നേവരെ ഒരു സര്‍ക്കാറും ഒരു പ്രദേശത്തോടും കാണിച്ചിട്ടി ല്ലാത്ത തരത്തിലുള്ള വിവേചനമാണ് വയനാട് ദുരന്തത്തിനു പിന്നാലെ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഉരുള്‍പൊട്ടലിന്റെ കാഠിന്യത്തില്‍ സര്‍വസ്വവും നശിച്ചുപോയ ഒരു ജനതയെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ രണ്ടായിരം കോടിരൂപയുടെ ഒരു പ്രത്യേക പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ദുരന്തനിവാരണ ഘട്ടത്തില്‍ കേന്ദ്രസേനയെ അനുവദിച്ചും തൊട്ടുപിന്നാലെ പ്രധാനമന്ത്രി നേരിട്ടെത്തിയും പ്രതീക്ഷാ നിര്‍ഭരമായ സമീപനങ്ങളായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് ബി.ജെ.പി സര്‍ക്കാര്‍ അവരുടെ തനിരൂപം പുറത്തെടുക്കുന്ന
താണ് കാണാന്‍ കഴിഞ്ഞത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെ ചിലവും വ്യോമസേനയുടെ ഹെലികോപ്റ്ററിന്റെ വായ്പയുമെല്ലാം എഴുതിവാങ്ങി സംസ്ഥാനത്തെ അമ്പരപ്പിച്ചുകളയുകയായിരുന്നു. പ്രത്യേക പാക്കേജ് അനുവദിച്ചില്ലെന്നുമാത്രമല്ല, ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റുപോലും സംസ്ഥാനത്തെ പരിഹസിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത്രയും വലിയൊരു ദുരന്തത്തിന് സാക്ഷിയായ പ്രദേശത്തിന്റെ പേരുപോലും ബജറ്റില്‍ ഇടംപിടിച്ചില്ലെന്നത് രാഷ്ട്രീയ തിമിരം എത്രക്രൂരമായ തരത്തിലാണ് ഈ സര് ക്കാറിനെ ബാധിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുക എന്നതാണ് ഒരു ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. അത്തരം അവസ്ഥക്ക് ഭീഷണിയുണ്ടാകുമ്പോള്‍ ഇന്ത്യയെ പോലുള്ള ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചുനിന്നാണ് ആ ഉത്തരവാദിത്തം നിര്‍വഹണം നടത്തേണ്ടത്. എന്നാല്‍ എല്ലാ ഉത്തരവാദിത്തവും സംസ്ഥാനത്തിന്റെ തലയില്വെച്ചുകെട്ടുകയും ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ ചോദിക്കുമ്പോള്‍ അതിനെ ഔദാര്യമായിക്കണ്ട് പ്രായോഗികമല്ലാത്ത സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് ഒരു പരിഷ്കൃത ഭരണകൂടത്തിന് ഒട്ടും ചേരാത്ത ഒന്നാണ്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും സംസ്ഥാന ബി.ജെ.പി നേതൃത്വവും സ്വീകരിക്കുന്ന നിലപാടുകള്‍ അവരുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതും മലയാളികളുടെ മനസ്സില്‍നിന്ന് അവരെ കൂടുതല്‍ അകറ്റിനിര്‍ത്താന്‍ ഉതകുന്നതുമാണ്. ബജറ്റില്‍ കേരളത്തോടും വയനാടിനോടുമുള്ള അവഗണനയെക്കുറിച്ച് രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതികരണം ഇത് കേരള ബജറ്റല്ല, കേന്ദ്ര ബജറ്റാണ് എന്നായിരുന്നെങ്കില്‍ കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ എന്തെങ്കിലുമൊക്കെ തരാമെന്നായിരുന്നു സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിയുടെ പക്ഷം.
അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് സംഭവിക്കുന്ന വീഴ്ച്ചകളും കേന്ദ്ര അവഗണനക്ക് വളമായി മാറുന്നു എന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്നവണ്ണം സംസ്ഥാനത്തുവെച്ച് കേന്ദ്രത്തിനെതിരെ വ ലിയവായില് സംസാരിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും കേന്ദ്രത്തിലെത്തുമ്പോള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്തുമറക്കുകയെന്നതുപോലെ നിശബ്ദരായിത്തീരുകയാണ്. കൃത്യമായ കണക്കു സമര്‍പ്പിക്കാത്തതിനാലാണ് സംസ്ഥാനത്തിന് സഹായം നിഷേധിച്ചതെന്ന കേന്ദ്രത്തിന്റെ ആരോപണത്തെ പ്രതിരോധിക്കാന്‍പോലും സംസ്ഥാന സര്‍ക്കാറിന് സാധിച്ചിട്ടില്ല. അവഗണനക്കെതിരെ ഡല്‍ഹിയില്‍ പ്രത്യക്ഷ സമരംപോലുള്ള ശക്തമായ നടപടികളിലേക്കു നീങ്ങാനുള്ള സന്നദ്ധത പോലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഈ അനീതിക്കെതിരെ പ്രതിപക്ഷ ത്തോടൊപ്പം ചേര്‍ന്ന് ശക്തമായ പോരാട്ടം നടത്തി അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പിണറായി സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടതുണ്ട്.


