തമിഴ്നാട്ടില്‍ ദലിത് യുവാവിന് നേരെ അതിക്രമം. ബുള്ളറ്റ് ഓടിച്ചതിന് ദലിത് യുവാവിന്റെ കൈ വെട്ടിമാറ്റിയതായി പരാതി. അയ്യാസാമി എന്ന യുവാവാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. ഇന്നലെ കോളജില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ മൂന്നംഗ സംഘം യുവാവിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മേല്‍ജാതിക്കാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ്, ആദി ഈശ്വരന്, വല്ലരസു എന്നിവരാണ് അറസ്റ്റിലായത്.
അക്രമിസംഘത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട അയ്യാസാമിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവില്‍ മധുരയിലെ രാജാജി ആശുപത്രിയില്‍ ചികിത്സയിലാണ് അയ്യസാമി. യുവാവിനെ ഉടന്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത 294 (ബി), 126, 118(1), 351 (3) വകുപ്പുകള്‍ പ്രകാരവും പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.


