പൂക്കോട്ടുംപാടം:മലപ്പുറം പൂക്കോട്ടുംപാടം തേൾപ്പാറയിൽ മാസങ്ങളായി ഭീതി പരത്തിയ കരടി കെണിയിലായി.തേൾപ്പാറ കൊമ്പൻങ്കല്ല് ചിറമ്മൽ കുടുംബ ക്ഷേത്രത്തിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് ഇന്ന് പുലർച്ചയോടെ കരടി കുടുങ്ങിയത്.കൊമ്പൻക്കല്ല്,ടി.കെ കോളനി,കവളമുക്കട്ട, ഭാഗങ്ങളിൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി കരടി ഭീതി പരത്തി കൊണ്ടിരിക്കുന്നത്.ഒട്ടനവധി കർഷകരുടെ കൃഷിയിടങ്ങളിൽ സ്ഥാപിച്ച തേൻപ്പെട്ടികൾ തകർക്കുകയും തേൻ ഭക്ഷിക്കുകയും ചെയ്തിട്ടുള്ളത്.
പ്രദേശങ്ങളിൽ ഭീതി പരത്തി കൊണ്ടിരിക്കുന്ന കരടിയെ പിടിക്കുന്നതിനായി പ്രദേശവാസികൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സഹിക്കെട്ട വനം വകുപ്പ് കെണിവെച്ച് കരടിയെ പിടി കൂടുന്നതിനായി ഇതിൻറെ സാന്നിദ്ധ്യമുള്ള ഭാഗങ്ങളിൽ കൂട് വെച്ച് കെണിയൊരുക്കിയിട്ടും ഫലം കണ്ടിരുന്നില്ല.തുടർച്ചയായി കൊമ്പൻ ക്കല്ലിലെ ക്ഷേത്രത്തിൽ എത്തി നെയ്യും എണ്ണയും ഭക്ഷിക്കാൻ എത്തുന്നതിനാൽ കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്ത് കൂട് സ്ഥാപിക്കുകയും ഈ കൂട്ടിൽ കരടി അകപെടുകയുമായിരുന്നു.
പ്രദേശ വാസികൾ കൂട്ടിലകപ്പെട്ട കരടിയെ കണ്ട ഉടൻ ഉദ്യോഗന്ഥരെ വിവരമറിക്കുകയും നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി ധാനിക് ലാൽ,കാളികാവ് റേഞ്ച് ഓഫീസർ പി. രാജീവ് ,ചക്കികുഴി ഡെപ്യുട്ടി റേഞ്ച് ഓഫീസർ അഭിലാഷ് സംഘവും സ്ഥലത്ത് എത്തുകയും ആർ.ആർ.ടി യുടെയും മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും സഹായത്തോടെ നെടുംങ്കയം വനം സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.


