ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിര്‍ത്തുകയാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാരോപിച്ചാണ് നീക്കം. വെസ്റ്റ്ബാങ്കിലെ ജെനിന്, ടുബാസ് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇസ്രാഈല്‍ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു.
ഒരു ഗര്‍ഭിണിയടക്കം മൂന്നു പേരെ വെടിവച്ച് കൊന്നതിന് പിന്നാലെ മേഖലയില്‍നിന്ന് പലായനം ചെയ്തവരുടെ എണ്ണം 35,000 കവിഞ്ഞു. അതേസമയം ശനിയാഴ്ചയ്ക്കുള്ളില്‍ എല്ലാ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ കരാര്‍ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഹമാസ് ശനിയാഴ്ച ഉച്ചയോടെ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഇസ്രാഈല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശിക്കുമെന്നും ട്രംപ് പറഞ്ഞു. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരായ ആക്രമണത്തില്‍ യുഎസ് സൈന്യം ഇസ്രാഈലിനൊപ്പം ചേരുമോ എന്ന ചോദ്യത്തിന് ‘ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസ് കണ്ടറിയും’ എന്നായിരുന്നു ട്രംപിന്റെ മറുപടി. വെടിനിര്‍ത്തല്‍ കരാറില്‍ തീരുമാനമെടുക്കേണ്ടത് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഹമാസിന്റെ പ്രഖ്യാപനം വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണമായ ലംഘനമാണെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്സ് പ്രതികരിച്ചു.
അതേസമയം, ഇന്ന് പ്രസിഡന്റ് ട്രംപ് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ പലസ്തീനികളെ മാറ്റിപാര്‍പ്പിക്കാന്‍ ട്രംപ് ആവശ്യമൂന്നയിക്കും. അറബ് രാജ്യങ്ങളില്‍ മികച്ച താമസ സൗകര്യമൊരുക്കിയാല്‍ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു. ഗാസ ഏറ്റെടുക്കുമെന്ന മുന്‍ പരാമര്‍ശത്തില്‍ ആഗോളതലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പലസ്തീനിലെ ഭൂമി, വില്‍പ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ഹമാസിന്റെ മറുപടി.


