വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്റെ വർഗീയ പ്രസംഗം വിവാദത്തിൽ. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി. ആദ്യമായി മുസ്ലിം വനിത പ്രസിഡണ്ടായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടു. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്.
അടുത്ത തെരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ കയ്യുംകെട്ടി നിന്നും മറുപടി പറയേണ്ടി വരുമെന്നും എ എൻ പ്രഭാകരൻ പറഞ്ഞു. പനമരത്ത് അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഭരണമാറ്റം സംഭവിച്ചതിനെക്കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു ഈ വർഗീയ പ്രസംഗം.
അവിശ്വാസത്തിന് ശേഷം പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സംഭവമാണ് സഖാവ് വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായ ലക്ഷ്മിക്ക് 12 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. 22-ാം വാർഡ് വെള്ളരി വയലിൽ നിന്നാണ് ലക്ഷ്മി ആലക്കാമുറ്റം പഞ്ചായത്തിലേക്ക് വിജയിച്ചത്. വനിതാ ജനറൽ സംവരണമായ പ്രസിഡന്റ് പദമാണ് മുസ്ലിംലീഗ് ലക്ഷ്മിക്ക് നൽകിയത്. ഇതിനെ വർഗീയമായി ചിത്രീകരിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.എം ശ്രമം.


