പൂക്കോട്ടുംപാടം: പതിനെട്ടര കിലോ കഞ്ചാവുമായി നാലുപേര്‍ എക്സൈസിന്റെ പിടിയില്‍. ബാന്റ് ട്രമ്മിനുള്ളില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും നിലമ്പൂര്‍ എക്സൈസും ചേര്‍ന്ന് പിടികൂടിയത്.
സംസ്ഥാന എക്സൈസ് കമ്മീഷനറുടെ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവുമായി നിലമ്പൂര്‍ സ്വദേശികളായ നാലു പ്രതികളും പിടിയിലായത്. വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീര്‍ (35), ചിത്തിരംപ്പള്ളി റിയാദ് (42), പൂന്തുരുത്തി സിയാദ്(34), എടക്കര ഇല്ലിക്കാട് സ്വദേശി ചെറിയതൊടി നൗഫല്‍ (38) എന്നിവരാണ് പിടിയിലായത്.
ആന്ധ്രയില്‍ നിന്ന് നിലമ്പൂരില്‍ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് ട്രയിന്‍ മാര്‍ഗം പാലക്കാടെത്തിക്കുകയും അവിടെ നിന്ന് പ്രൊഗ്രാം കലാകാരന്മാര് എന്ന പേരില്‍ കെ.എല്‍.10.എ. 8029 നമ്പര്‍ ജീപ്പിന് പിന്നില്‍ നിറച്ച് ബാന്റ് ട്രമ്മിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് നിലമ്പൂരിലേക്ക് കൊണ്ടുവരവെ പൂക്കോട്ടുംപാടം അഞ്ചാംമൈലിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കവെയാണ് എക്സൈസ് സംഘം പ്രതികളെ വലയിലാക്കിയത്.
ഇതില്‍ കഞ്ചാവ് കൈവശം വെച്ചതിന് റിയാദിനെതിരെ എടക്കര ജനമൈത്രി എക്സൈസ് നേരത്തെ കേസെടുത്തിട്ടുണ്ട്. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, എടക്കര ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ടി സജിമോന്‍, എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍മാരായ ടി.ആര് മുകേഷ് കുമാര്‍, കെ.വി വിനോദ്, നിലമ്പൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എച്ച് ഷഫീഖ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പ്രജോഷ്, പി.കെ പ്രശാന്ത്, പ്രതീപ് കുമാര്‍, പ്രവന്റീവ് ഓഫീസര്‍ സുഭാഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സൗബിന്, രംജിത്ത്, ഷംനാസ്, എബിന് സണ്ണി, ഹാഷിര്‍, ജയന്, സജിനി, ഷീന, രാജീവ്, വിനോജ് ഖാന് എന്നിവരുടെ സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്. നിലമ്പൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എച്ച് ഷഫീഖാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.


