ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്കുള്ള മരുന്നിന്റെ ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലെ അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ ആവശ്യത്തിന് ഈവർഷത്തെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി അംഗീകാരം നൽകി. വിദേശ കമ്പനിയായ അസ്ട്രാസിനിക്ക ഉത്പാതിപ്പിക്കുന്ന ട്രാസ്റ്റുസുമബ് ഡെറുക്സിറ്റിക്കൻ, ദുർവലുമബ്, ഒസിമെർട്ടിനിബ് എന്നീ മൂന്ന് ക്യാൻസർ മരുന്നുകളുടെ ഇറക്കുമതി തീരുവ എടുത്തുകളയണമെന്നും മാരക സ്വഭാവമുള്ള ക്യാൻസർ രോഗ മരുന്നുകൾ രാജ്യത്ത് സ്വയം ഉദ്പാദിപ്പിക്കാൻ സർക്കാർ മുൻകയ്യെടുക്കണമെന്നും കഴിഞ്ഞ ഇടക്കാല ബജറ്റ് സമ്മേളനത്തിൽ പ്രധാന ആവശ്യമായി ഉന്നയിച്ചിരിന്നു.
രാജ്യസഭയിൽ അന്നു തന്നെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഹാരിസ് ബീരാന്റെ പേര് പരാമർശിച്ച് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നതായും പരിഗണിക്കുന്നതായും പറഞ്ഞു.
കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബജറ്റിൽ നിർദേശങ്ങൾ കണക്കിലെടുത്ത് മരുന്നുകളുടെ ഇറക്കുമതി തീരുവ എടുത്തു കളയുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സാധാരണ രോഗികകൾക്ക് ചെറുതല്ലാത്ത ആശ്വാസമായിരിക്കും ഇതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു.


