തൃപ്പൂണിത്തുറയില്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി താമസസ്ഥലത്തെ ഫ്ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധി. മിഹിര്‍ അഹമ്മദിന്റെ ദാരുണ മരണം ഹൃദയഭേദകമാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഹിറിന്റെ മാതാപിതാക്കള്‍ വയനാട് സ്വദേശികളാണ്.
‘ ഇനി ഒരു കുട്ടിക്കും മിഹിര്‍ നേരിട്ടത് സംഭവിക്കരുത്. കുട്ടികളുടെ സുരക്ഷിത താവളമാണ് സ്കൂളുകള്‍. എന്നിട്ടും അവിടെ മിഹിര്‍ നിരന്തര പീഡനങ്ങള്‍ അനുഭവിച്ചു. ഈ സംഭവത്തില്‍ മിഹിറിനെ പീഡിപ്പിച്ചവരും ആവശ്യമായ നടപടി എടുക്കാത്തവരും ഒരുപോലെ ഉത്തരവാദികളാണ്. കുട്ടികളെ റാഗ് ചെയ്യുന്നത് നിരുപദ്രവകരമായ കാര്യമല്ല. അത് ജീവിതം നശിപ്പിക്കും. മാതാപിതാക്കള്‍ മക്കളെ ദയ, സ്നേഹം, സഹാനുഭൂതി, സംസാരിക്കാനുള്ള ധൈര്യം എന്നിവ പഠിപ്പിക്കണം. ആരെങ്കിലും അവരെ ഉപദ്രവിക്കുന്നുവെന്ന് നിങ്ങളുടെ കുട്ടി പറഞ്ഞാല്‍ അവരെ വിശ്വസിക്കുക, അവര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നവരാണെങ്കില്‍ നിങ്ങള്‍ ഇടപെടുക’ -രാഹുല്‍ ഗാന്ധി പറഞ്ഞു.
സലീം-റജ്ന ദമ്പതികളുടെ മകനായ മിഹിര്‍ അഹമ്മദ് സ്കൂളില്‍ സഹപാഠികളുടെ റാഗിങ്ങിനിരയായതിനെ തുടര്‍ന്ന് ജനുവരി 15നാണ് ഫ്ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മിഹിര്‍.
സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളില്‍നിന്നും സ്കൂള്‍ അധികൃതരില്‍നിന്നും മൊഴിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് കൊച്ചിയിലെത്തും. എറണാകുളം ജില്ല കലക്ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ രാവിലെ 10.30നാണ് തെളിവെടുപ്പ്. കുട്ടിയുടെ മാതാപിതാക്കളോടും സ്കൂളുകാരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം മിഹിര്‍ നേരത്തെ പഠിച്ചിരുന്ന കാക്കനാട് ജെംസ് മോഡേണ്‍ അക്കാദമി സ്കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെ സസ്പെന്‍ഡ് ചെയ്തു. വൈസ് പ്രിന്‍സിപ്പലില്‍നിന്ന് കുട്ടിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സ്കൂള്‍ മാനേജ്മെന്റിന്റെ നടപടി.
ജെംസ് സ്കൂളിലും കുട്ടി റാഗിങ്ങിന് ഇരയായെന്നും കുട്ടിയെ മരണത്തിലേക്ക് നയിച്ചെത് ഇതാണെന്നും അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.
മറ്റ് വിദ്യാര്‍ത്ഥികള്‍ മിഹിറിനെ വാഷ്റൂമില്‍ കൊണ്ടുപോയി ഉപദ്രവിക്കുകയും ക്ലോസറ്റില്‍ മുഖം താഴ്ത്തി ഫ്ലഷ് ചെയ്യിക്കുകയും നക്കിപ്പിക്കുകയും ചെയ്തതായി കുടുംബം പറഞ്ഞിരുന്നു. നിറത്തിന്റെ പേരിലും വിദ്യാര്‍ത്ഥിക്ക് അധിക്ഷേപം നേരിടേണ്ടിവന്നിരുന്നു.
സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളില്‍ നിന്നും കുട്ടി ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയായതായി പരാതിയില്‍ പറയുന്നു.
അന്വേഷണവുമായി സഹകരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.


