വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ ഭര്‍ത്താവും ഭാര്യയും അറസ്റ്റില്‍. വെള്ളമുണ്ടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയുടെ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
ഇന്നലെ രാത്രിയായിരുന്നു വെള്ളമുണ്ടയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗുകളിലാക്കി ഉപേക്ഷിക്കുന്നതിനിടെ മുഹമ്മദ് ആരിഫ് പിടിയിലായത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി ഓട്ടോയില്‍ കയറിയ പ്രതി ബാഗ് വലിച്ചെറിയുന്നതിന് വണ്ടി നിര്‍ത്തിച്ചപ്പോഴാണ് ഡ്രൈവര്‍ക്ക് സംശയം ഉടലെയുത്തത്.
പൊലീസെത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന്് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം ഭാര്യയുടെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാര്യയെയും കസ്റ്റഡിയിലെടുത്തു.
ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി മുഖീബിനെ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ തോര്‍ത്തിട്ട് കൊലപ്പെടുത്തിയ ശേഷം പുതിയ കത്തി ഉപയോഗിച്ച് മൃതദേഹം വെട്ടിനുറുക്കുകയായിരുന്നു. ശേഷം ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായതെന്നും പൊലീസ് പറഞ്ഞു.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.


