കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നലെ വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ സഹായം ലഭിക്കുമെന്നാണ് ജോര്‍ജ് കുര്യന്റെ നിലപാട്. പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നോക്കമാണെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന് പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
‘പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. അപ്പോള്‍ കിട്ടും. ഞങ്ങള്‍ക്ക് റോഡില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, സാമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്നിങ്ങനെ കേരളം പ്രഖ്യാപിച്ചാല്‍ അത് കമ്മീഷന് പരിശോധിക്കും. പരിശോധിച്ചുകഴിഞ്ഞാല്‍ ഗവണ്മെന്റിന് റിപ്പോര്‍ട്ട് കൊടുക്കാം. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ ഗവണ്മെന്റ് അല്ലല്ലോ.’, എന്നാണ് ജോര്‍ജ് കുര്യന് പറഞ്ഞത്.


