നീതിബോധമില്ലാത്തതും സംസ്ഥാനങ്ങളെ അപമാനിക്കുന്നതുമാണ് കേന്ദ്ര ബജറ്റെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ്. 2047 ഓടെ വികസിത രാജ്യമെന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം. ഓരോ വര്‍ഷവും ക്രമാനുഗതമായി എട്ട് ശതമാനം വളര്‍ച്ച നേടുന്ന സാഹചര്യം രാജ്യത്ത് നില നില്ക്കുന്നില്ല. വിശാല ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കും വിധമുള്ള ധിഷണാപരമായ സാമ്പത്തിക നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അമ്പേ പരാജയമാണെന്നും മുസ് ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ.എം.പി അബ്ദുസ്സമദ് സമദാനി എംപി, നവാസ് കനി, അഡ്വ.വി.കെ ഹാരിസ് ബീരാന് എംപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ ബീഹാറിന് വാരിക്കോരി നല്കിയപ്പോള് കേരളം ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളെ പാടേ അവഗണിച്ചു.
വ്യക്തിഗത വരുമാന നികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും ദരിദ്രരും പാവപ്പെട്ടവരുമായ കോടിക്കണക്കിന് ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി കൊണ്ടുള്ള സമഗ്രമായ പരിപാടികള്‍ ഒന്നും ആവിഷ്കരിച്ചിട്ടില്ല. രാഷ്ട്രത്തിന്റെ വിഭവശേഷി വിതരണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത് നീതിബോധത്തോട് കൂടി ചെയ്യണമെന്ന അടിസ്ഥാന സങ്കല്പത്തെയും ഈ ബജറ്റ് തകര്‍ക്കുകയാണ് ചെയ്തത്. ബജറ്റില്‍ വിവിധ മേഖലകളില്‍ പലവിധത്തിലുള്ള ദേശീയ സ്ഥാപനങ്ങള്‍ സ്ഥാപിക്കന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ഒന്നു പോലും സ്ഥാപിക്കാനുള്ള പ്രഖ്യാനം ബജറ്റില്‍ ഇല്ല.
ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ വിദ്യാഭ്യാസ മേഖലയില്‍ അവര്‍ വരുത്തിയിട്ടുള്ള പരിഷ്കാരങ്ങളുടെ തുടര്‍ച്ച ഇതിലും പ്രകടമാക്കിയിട്ടുണ്ട് എന്നുള്ളത് മറ്റൊരു ഗൗരവമുള്ള കാര്യമാണ്.
കേരളത്തിന് ഈ ഗവണ്മെന്റില് നിന്ന് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ വയനാട് പാക്കേജ് അടക്കമുള്ള കേരളത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ ഇല്ലാതാകുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല 5000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പദ്ധതി വിഴിഞ്ഞം പോര്‍ട്ടിന് വേണ്ടി സമര്‍പ്പിച്ചിരുന്നുവെങ്കിലും അതിനെ പറ്റിയും ബജറ്റ് പ്രഖ്യാപനത്തില്‍ യാതൊന്നും കാണാന്‍ കഴിഞ്ഞില്ല.
ഇന്ത്യയില്‍ ആയുര്‍വേദ മേഖലക്ക് വലിയ പ്രാമുഖ്യമുള്ള കേരളത്തിന് ഒരു അന്താരാഷ്ട്രതലത്തിലുള്ള സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷയും പരിഗണിക്കാതെ പോയി. അലിഗഡ് യുണിവേഴ്സിറ്റിയുടെ പെരിന്തല്‍മണ്ണയിലെ ക്യാമ്പസ് ഉയര്‍ത്തി കൊണ്ടു വരണമെന്ന നിര്‍ദ്ദേശം പരിഗണക്കപ്പെടുകയുണ്ടായില്ല.
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഏറ്റവും അധികം ആളുകളുള്ള സംസ്ഥാനമായ കേരളത്തിന് പ്രവാസികളുടെ ക്ഷേമത്തിന് ഉതകുന്ന വിധത്തിലുള്ള പദ്ധതികള്‍ ആവഷ്കരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായില്ല.
തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാണ്. കേരളത്തില്‍ വിദ്യാഭ്യാസം ഉള്ളവരുടെ തൊഴിലില്ലായ്മ കൂടി വരികയാണ്. തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റില്‍ ഇല്ല. എസ്.സി, എസ്.ടി, പ്രാന്തവത്ക്കരിക്കപ്പെട്ട പിന്നോക്ക സമുദായങ്ങള്‍, ഒബിസി അടക്കമുള്ള സമുദായങ്ങള്‍ അനുഭവിക്കന്ന പ്രയാസങ്ങള്‍ ദുരീകരിക്കുന്ന വിധത്തിലുള്ള പദ്ധതികളും പ്രഖ്യാപിക്കുകയുണ്ടായില്ല.
കേന്ദ്ര ഗവണ്മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം എത്രയുണ്ടെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയുവെങ്കിലും അത്തരം സ്ഥാപനങ്ങളോട് ഗവണ്മെന്റ് എടുത്ത സമീപനം അനുകൂലമാണെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഈ ബജറ്റില്‍ ഊന്നലും അനുഗ്രഹവും കൊടുത്ത വിഭാഗം സ്വകാര്യ മേഖലക്ക് പൊതുമേഖലയില്‍ കടന്നുകയറാന്‍ അവസരം ഒരുക്കുന്നുവെന്നുള്ളതാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ബജറ്റിലെ നീതിരഹിതമായ എല്ലാ നിര്‍ദ്ദേശങ്ങളെയും മുസ് ലിം ലീഗ് എതിര്‍ക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.


