നെന്മാറ ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് എസ്.പിയുടെ റിപ്പോര്‍ട്ടിനു പിന്നാലെ സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് (എസ്.എച്ച്.ഒ) സസ്പെന്ഷന്. എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പിന്നാലെയാണ് നടപടി. കേസിലെ പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയില് താമസിച്ച കാര്യം കോടതിയെ അറിയിച്ചിരുന്നില്ല. അതോടൊപ്പം പ്രതിക്കെതിരെ പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പ്രതിക്ക് പഞ്ചായത്തില്‍ പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാള്‍ വീട്ടില്‍ വന്ന് താമസിച്ച വിവരം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും ഉദ്യോഗസ്ഥന് വേണ്ട ഗൗരവം കൊടുത്തില്ല. സജിത കൊലപാതക കേസിലെ സാക്ഷികളായ സുധാകരനെയും കുടുംബത്തെയും കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി എന്ന പരാതി ലഭിച്ചിട്ടും ഈ വിവരം കോടതിയെ അറിയിച്ചില്ലെന്നും ഐ.ജിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകം നടന്ന് രണ്ടാം ദിനവും പ്രതിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല. പ്രതിക്കായി വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസിന്റെ പ്രതികരണം. വീഴ്ച ഉണ്ടായെങ്കില്‍ അന്വേഷിക്കുമെന്ന് എസ്.പി വ്യക്തമാക്കി. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് സംസ്കരിച്ചു.


