വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ പണിമുടക്ക് സമരത്തിൽ. കഴിഞ്ഞ ദിവസം അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാപാരി സംഘടന നേതാക്കളുമായി മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ജി.ആർ. അനിലും നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ്, തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരത്തിലേക്ക് കടക്കുമെന്ന് റേഷൻ സംഘടന പ്രതിനിധികൾ തീരുമാനിച്ചത്.
ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് വിതരണം നടത്തുന്ന വാഹനങ്ങളുടെ കരാറുകാർ ഇപ്പോൾ പണിമുടക്കിലാണ്.
വേതനപരിഷ്കരണമെന്ന വ്യാപാരികളുടെ ആവശ്യത്തിൽ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചർച്ച അലസിയത്. മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് വേതന പരിഷ്കരണം പരിഗണിക്കാമെന്നായിരുന്നു മന്ത്രിമാരുടെ വാഗ്ദാനം.
എന്നാൽ, കൃത്യമായ ഉറപ്പ് തന്നെ വേണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു. ഇതോടെയാണ് ചർച്ച അലസിയത്. ധനമന്ത്രി ബാലഗോപാൽ യോഗത്തിൽ സജീവമായി പങ്കെടുത്തില്ലെന്നും ഭക്ഷ്യമന്ത്രി കഴിഞ്ഞദിവസത്തെ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നെന്നും സംഘടന നേതാക്കൾ കുറ്റപ്പെടുത്തി.
സംഘടന നേതാക്കളായ ജി. സ്റ്റീഫൻ എം.എൽ.എ, ജോണി നെല്ലൂർ, ജി. കൃഷ്ണപ്രസാദ്, പി.ജി. പ്രിയൻകുമാർ, ടി. മുഹമ്മദലി, ടി. ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, സി. മോഹനൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും (എ.ഐ.ടി.യു.സി), റേഷൻ ഡീലേഴ്സ് കോഓ ഡിനേഷൻ സംസ്ഥാന കമ്മിറ്റിയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.


