സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം പ്രതിസന്ധിയില്‍. വിതരണ കരാറുകാരുടെ പണിമുടക്കാണ് റേഷന്‍ കടകളിലെ അരി വിതരണം പ്രതിസന്ധിയിലാക്കിയത്. നിലവിലുള്ള സ്റ്റോക്ക് ഉടന്‍ കഴിയുമെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ട അവസ്ഥയിലെത്തുമെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ അരി സ്റ്റോക്ക് തീര്‍ന്നതായി പറയുന്നു. കഴിഞ്ഞ മൂന്നാഴ്ചയും വിതരണം ചെയ്തത് നേരത്തെയുള്ള സ്റ്റോക്കില്‍ നിന്നുള്ള അരിയാണെന്നാണ് വിവരം.
എഫ്സിഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോയുടെ എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും അരി എത്തിക്കുന്ന വിതരണ കരാറുകാരുടെ പണിമുടക്കാണ് ക്ഷാമം ഉണ്ടാക്കാന്‍ കാരണമായത്.
നേരത്തെയുള്ള വലിയ കുടിശ്ശിക തീര്‍ക്കണം എന്നാവശ്യപ്പെട്ടാണ് ജനുവരി ഒന്ന് മുതല്‍ കരാറുകാര്‍ സമരം ആരംഭിച്ചത്. ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുന്‍ഗണന വിഭാഗത്തിനുള്ള അരിവിതരണം മുടങ്ങുമെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.
അതേസമയം ഈ മാസം 27 മുതല്‍ റേഷന്‍ വ്യാപാരികള്‍ കൂടി അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. വേതന പരിഷ്കരണം അടക്കം ആവശ്യപ്പെട്ടാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിനിറങ്ങുന്നത്.


