വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് നാസിയ ഇലാഹി ഖാനെതിരെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പരാതി നല്കി. ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്. ആലീസ് വാസിനാണ് പരാതി നല്‍കിയത്.
ജനുവരി അഞ്ചിന് ഹിന്ദുത്വ സംഘടനയായ ‘രോഹിണി’ ഡല്‍ഹിയില്‍ നടത്തിയ പരിപാടിക്കിടെയാണ് നാസിയ വിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതില്‍ പറയുന്നു. ഇസ്ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന് അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.
അവ കുറ്റകരം മാത്രമല്ല, മാതൃകാ പെരുമാറ്റച്ചട്ടത്തിെന്റയും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമാണ്. പൊതുസമാധാനം തകര്‍ക്കുകയും സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുകയും 2025ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ചെയ്യുന്ന ലംഘനങ്ങളാണ് അവര്‍ നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
മുസ്ലിംകളോട് വിദ്യാഭ്യാസം നേടാന്‍ പറയൂ, അവര്‍ ചെയ്യില്ല! അവരോട് മനുഷ്യനാകാന്‍ പറയൂ, അവര്‍ ചെയ്യില്ല! പഠിക്കാന്‍ പറയൂ, അവര്‍ പഠിക്കില്ല! അവരോട് എന്തെങ്കിലും ചെയ്യാന്‍ പറയൂ, അവര്‍ അത് ചെയ്യില്ല! പക്ഷേ, ബലാത്സംഗം ചെയ്യാന്‍ പറഞ്ഞാല്‍ ഉടന്‍ അത് ചെയ്യും. അവരോട് ലൗ ജിഹാദ് ചെയ്യാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും.
ബോംബുകളും വെടിയുണ്ടകളും വെടിക്കോപ്പുകളും എറിയാന്‍ അവരോട് പറയുക! അവര്‍ ഉടനെ എറിയുകയും ചെയ്യും. അവരോട് ഭീകരത സൃഷ്ടിക്കാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും’ എന്നായിരുന്നു നാസിയ പ്രസംഗിച്ചത്. മുമ്പും മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് നാസിയക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.


