ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് തൊഴുത് നന്ദി പറഞ്ഞ് ഷാരോൺ രാജിന്റെ മാതാപിതാക്കൾ. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതികളോട് 259 ചോദ്യങ്ങൾ ചോദിച്ച കോടതി 57 സാക്ഷികളെ വിസ്തരിച്ചു. കുറ്റകൃത്യം ചെയ്ത അന്നു മുതൽ പൊലീസ് പിടിക്കുന്നത് വരെ തെളിവുകൾ താൻ തന്നെ ചുവന്നു നടക്കുകയായിരുന്നുവെന്ന് പ്രതിയായ ഗ്രീഷ്മ അറിഞ്ഞില്ലെന്നും കോടതി പറഞ്ഞു. പാര സെമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയതും, വിവാഹം ഉറപ്പിച്ചതിന് ശേഷവും ഷാരോണുമായി ലൈംഗിക ബന്ധത്തിലേർപ്പട്ടിരുന്നു എന്നതും അന്വേഷണത്തിൽ തെളിഞ്ഞതായും വിധി പ്രസ്താവത്തിൽ പറഞ്ഞു.
മാധ്യമ വാര്‍ത്തകള്‍ നോക്കിയല്ല ഈ കേസില്‍ ശിക്ഷ വിധിച്ചതെന്ന് കോടതി ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കി. ഗ്രീഷ്മയ്ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ കൃത്യമായി ശേഖരിച്ച അന്വേഷണസംഘത്തെ കോടതി അഭിനന്ദിച്ചു. ജ്യൂസ് ചലഞ്ച് നടത്തിയ വിഡിയോ ഷാരോണ്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത് വച്ചതാണ് ഗ്രീഷ്മയ്ക്ക് കൂടുതല്‍ കുരുക്കായത്. ഗ്രീഷ്മയ്ക്കെതിരെ വധശ്രമവും ഇതോടെ തെളിഞ്ഞിട്ടുണ്ടെന്നും ഗ്രീഷ്മ മുന്‍പും കൊലയ്ക്ക് ശ്രമിച്ചെന്നും കോടതി വ്യക്തമാക്കി. പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.


