കൊച്ചി: വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് എം.ജെ.സോജന് സത്യസന്ധത സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം ഹൈക്കോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ തള്ളിയത്.
2017ലാണ് കേസിനാസ്പദമായ സംഭവം. ജനുവരി13, മാര്‍ച്ച് നാല് തീയതികളിലായി വാളയാറിലെ 13, 9 വയസ്സുള്ള സഹോദരിമാരെ ഒറ്റമുറി ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. പോക്സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വാളയാറിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തല്‍. കേസില്‍ നേരത്തെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തിരുന്നു. എന്നാല്‍, കോടതി നിര്‍ദേശപ്രകാരം തുടരന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Comments


