തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ചികിത്സക്കായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം എത്തും. കാട്ടാനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ വനംവകുപ്പ് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് നാളെ പുറത്തിറങ്ങും.ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പിടികൂടി ചികിത്സ ഉറപ്പാക്കും. മെഡിക്കൽ സംഘം രൂപീകരിച്ചാൽ രണ്ടു ദിവസത്തിനകം അരുൺ സക്കിറിയ അതിരപ്പിള്ളിയിലെത്തും.
ആനയുടെ മസ്തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നാണ് വനം വകുപ്പ് നേരത്തെ വാദിച്ചിരുന്നത്. ആനയ്ക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചികിത്സിക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു വനം വകുപ്പ് നേരത്തെ പറഞ്ഞിരുന്നത് . അതേസമയം ആനയ്ക്ക് ശാരീരിക അവശതകളുണ്ടെന്നും വന്യജീവി സംരക്ഷക പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.


