തലശേരി പുന്നോലിലെ സിപിഎം പ്രവര്ത്തകന് യു.കെ സലീമിന്റെ വധക്കേസില്‍ വെളിപ്പെടുത്തലുമായി പിതാവ്. മകനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെയെന്ന് യൂസഫ് മാധ്യമങ്ങളോട് പറഞ്ഞു. തലശ്ശേരി ഫസല്‍ വധക്കേസുമായി മകന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നും യൂസഫ് കൂട്ടിച്ചേര്‍ത്തു.
പൊലീസ് കണ്ടെത്തിയത് യഥാര്‍ത്ഥ പ്രതികളെ അല്ലെന്ന് യൂസഫ് വിചാരണക്കിടെ കോടതിയില്‍ നല്കിയ മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
2008 ജൂലൈ 23നാണ് പുന്നോലിലെ സിപിഎം പ്രവര്ത്തകന് യു.കെ സലീം കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ 7 എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ എന്നായിരുന്നു കേസ് അന്വേഷിച്ച െ്രെകംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടരുന്നതിനിടെയാണ് പിതാവ് സലീമിന്റെ വെളിപ്പെടുത്തല്‍.
ഫസലിന്റെ വധവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ സലീമിനും സുഹൃത്ത് റയീസിനും അറിയാമായിരുന്നു. ആയിടക്കാണ് റഈസിനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പിന്നീട് ഒരാഴ്ചയോളം സലീം വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയില്ല. പ്രദേശത്ത് നടന്ന ചില ദുരൂഹ മരണങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നും യൂസഫ് പറഞ്ഞു.
കഴിഞ്ഞദിവസം കേസിന്റെ വിചാരണയ്ക്കിടെ ഇക്കാര്യങ്ങള്‍ കോടതി മുന്‍പാകെ യൂസഫ് മൊഴിയായി നല്‍കിയിട്ടുണ്ട്. എന്നാല്‍ യൂസഫിന്റെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികളെ രക്ഷപ്പെടുത്താനുള്ള ഇടപെടല്‍ ഉണ്ടാവുന്നുവെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആരോപിച്ചു.


