മുന്‍ കൊണ്ടോട്ടി നിയമസഭ സമാജികനും മുസ്ലിംലീഗ് നേതാവുമായ കെ.മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഡോ. അബ്ദുസ്സമദ് സമദാനി എം.പി. അപൂര്‍വ്വതകളോടെ വിവിധ രംഗങ്ങളില്‍ ശോഭിച്ച വ്യക്തിത്വമായിരുന്നു പ്രിയങ്കരനായ മമ്മുണ്ണി ഹാജി സാഹിബ് എന്നും രാഷ്ട്രീയത്തെ അദ്ദേഹം പൂര്‍ണമായും സാമൂഹിക സേവന രംഗമായിക്കണ്ട് നാടിനും ജനങ്ങള്‍ക്കും വേണ്ടി ഏറ്റവും ഫലപ്രദമായ രീതിയില്‍ വിനിയോഗിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അബ്ദുസ്സമദ് സമദാനി പറഞ്ഞു. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ആയിരുന്ന കാലത്താണ് താന്‍ കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും പ്രവര്‍ത്തിച്ചതുമെന്ന് സമദാനി സമൂഹമാധ്യമത്തില്‍ കുറിച്ചു.
തന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കഠിനമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഇത്തരത്തില്‍ ഒരു ജനപ്രതിനിധിയുടെ കഠിനപ്രയത്നവും അതിനുവേണ്ടിയുള്ള അര്‍പ്പണബോധവും മമ്മുണ്ണി ഹാജിയില്‍ നിന്ന് പഠിക്കണം എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അക്കാലത്തെ പ്രവര്‍ത്തനങ്ങളെന്നും സമദാനി പറഞ്ഞു. മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും സമുന്നതരായ നേതാക്കള്‍ക്കെല്ലാം അദ്ദേഹത്തോട് വലിയ ഇഷ്ടവും അടുപ്പുമായിരുന്നു. ഗുരുവായൂര്‍ തെരഞ്ഞെടുപ്പില്‍ കെ.കരുണാകരനും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ഏറെ സുപ്രധാനമായ ഉത്തരവാദിത്തങ്ങള്‍ പലതും മമ്മുണ്ണി ഹാജിയെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്.
രോഗബാധിതനായ ശേഷവും പലപ്പോഴും അദ്ദേഹത്തെ കാണാന്‍ പോയിരുന്നപ്പോള്‍ ശാരീരികമായ അവശതയിലും അല്പസ്വല്പം മറവി വന്ന സന്ദര്‍ഭങ്ങളില്‍ പോലും അദ്ദേഹം തന്നെ തിരിച്ചറിയുകയും എന്റെ സന്ദര്‍ശനത്തില്‍ ഉള്ളുണര്‍ന്ന് സന്തോഷിക്കുകയും ചെയ്തതും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണെന്നും നാടിനും ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടി മമ്മുണ്ണി ഹാജി ചെയ്ത സേവനങ്ങള്‍ എക്കാലത്തും ഓര്‍ക്കപ്പെടുമെന്നും ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി സമൂഹമാധ്യമത്തില്‍ കുറിച്ചു.


