രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ആഴ്ച മുതല്‍ പ്രചാരണത്തില്‍ സജീവമാകും. നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സ്ഥാനാര്‍ഥികള്‍ തിരക്കിട്ട ഓട്ടത്തിലാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയേയും മുന്‍നിര്‍ത്തി കൊണ്ടുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദീക്ഷിതിന് വേണ്ടി രാഹുല്‍ ഗാന്ധി പ്രചാരണം നടത്തും. ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ മത്സരിക്കുന്ന അല്‍ക ലാംബയ്ക്ക് വേണ്ടി പ്രിയങ്ക ഗാന്ധി റോഡ് ഷോ സംഘടിപ്പിക്കും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം ബിജെപി പ്രകടനപത്രികയെ അടക്കം വിമര്‍ശിച്ചുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 244 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത് എത്തി. എഐ നിര്‍മിത ഉള്ളടക്കങ്ങളുടെ ഉപയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിന് വോട്ട് എണ്ണും.


