ഹണി റോസ് നല്കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പൊലീസ് ഹൈകോടതിയില്‍. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചു.
ഹൈക്കോടതിയില്‍ രാഹുല്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം.
പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിക്കഴിഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസ് നല്കിയ പരാതി. തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടിയെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. നടിയുടെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.


