നിറത്തിന്റെ പേരിലും ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിലും അധിക്ഷേപത്തെതുടര്‍ന്ന് കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. മരിച്ച ഷഹാന മുംതാസിന്റെ (19) ഭര്‍ത്താവ് മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിത 85 വകുപ്പുകൂടി ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
കൊണ്ടോട്ടി ഡിവൈ.എസ്.പി കെ.സി. സേതു ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്ത ശേഷം അസ്വാഭാവിക മരണത്തിനു മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി തുടരന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ഷഹാനയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
2024 മേയ് 27നായിരുന്നു ഇരുവരുടെയും നിക്കാഹ് കഴിഞ്ഞത്. പിന്നീട് വിദേശത്തേക്കു പോയ ഭര്‍ത്താവ് ഷഹാനെയെ നിറമില്ലെന്ന പേരില്‍ ഫോണിലൂടെ നിരന്തരം അധിക്ഷേപിച്ചിരുന്നു. ഭര്‍ത്താവ് വിവാഹബന്ധം ഒഴിയുകയാണെന്നറിയിച്ചിരുന്നെന്നും തുടര്‍ന്നാണ് ഷഹാന തൂങ്ങിമരിച്ചതെന്നും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ വനിത കമീഷനും യുവജന കമീഷനും സ്വമേധയാ കേസെടുത്തിരുന്നു.


