ഇറാനെതിരെ വൻതോതിലുള്ള ഒരു സൈനിക നടപടിക്ക് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായും ഇത് ഉടൻ തന്നെ ആരംഭിച്ചേക്കാമെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം നടന്ന 12 ദിവസത്തെ സംഘർഷത്തേക്കാൾ വളരെ വലുതും ആഴ്ചകളോളം നീണ്ടുനിൽക്കുന്നതുമായ ഒരു സൈനിക നീക്കമാണ് ലക്ഷ്യമിടുന്നത്. ഇതൊരു പൂർണമായ യുദ്ധത്തിന് സമാനമായ രീതിയിലായിരിക്കുമെന്നും അമേരിക്കൻ മാധ്യമസ്ഥാപനം റിപ്പോർട്ടില്‍ പറയുന്നു.
ചെറിയ രീതിയിലുള്ള തിരിച്ചടികൾക്ക് പകരം ഇറാനെ പൂർണമായി പ്രതിരോധത്തിലാക്കുന്ന ഒരു ക്യാമ്പയിനാണ് ട്രംപ് ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. ജനീവയിൽ നടന്നുകൊണ്ടിരിക്കുന്ന ആണവ ചർച്ചകൾ ഫലപ്രദമാകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. നയതന്ത്ര ചർച്ചകളിലൂടെ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ സൈനികമായ പോംവഴി തേടുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.
മിഡിൽ ഈസ്റ്റിൽ യുഎസ് തങ്ങളുടെ നാവിക-വ്യോമ സേനാ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഉപകരണങ്ങളുമായും യുദ്ധവിമാനങ്ങളുമായി ഏകദേശം 150ലധികം യുഎസ് സൈനിക ചരക്ക് വിമാനങ്ങൾ മേഖലയിൽ എത്തിക്കഴിഞ്ഞതായാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരമൊരു സൈനിക നീക്കം പശ്ചിമേഷ്യയിലെ മുഴുവൻ സുരക്ഷാ സാഹചര്യങ്ങളെയും മാറ്റിമറിക്കും. ഇത് ട്രംപിന്റെ ബാക്കിയുള്ള ഭരണകാലാവധിയിൽ ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും റിപ്പോർട്ട് പറയുന്നു.
Comments


