തെറ്റ് സംഭവിക്കുമ്പോള്‍ വിമര്‍ശനത്തിലൂടെ അത് തിരുത്തിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്. കണ്ണൂര്‍ സിപിഎമ്മില്‍ ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച് വി കുഞ്ഞികൃഷ്ണന് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ തിരുത്താനായാണ് താന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്ന് വി കുഞ്ഞികൃഷ്ണന് പറഞ്ഞു. തിരുത്തിയില്ലെങ്കില്‍ ബംഗാളിന്റെ അവസ്ഥ പാര്‍ട്ടിക്ക് കേരളത്തിലുമുണ്ടാകും. തനിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നതായും കുഞ്ഞികൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
അതേസമയം കണക്ക് അവതരിപ്പിക്കാന്‍ വൈകിയ പ്രശ്നമേ ഉണ്ടായിട്ടുള്ളൂ എന്നും അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നുമായിരുന്നു വിഷയത്തില്‍ സിപിഎമ്മിന്റെ വിശദീകരണം. എന്നാല്‍ ആരോപണത്തോട് കൂടുതല്‍ പ്രതികരിക്കാന്‍ പയ്യന്നൂര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായിട്ടില്ല. അതിനിടെ ആരോപണമുന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഒറ്റുകാരനെ തിരിച്ചറിയും എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.
ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന് ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു ആരോപണം. തെളിവ് ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു. പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കെ നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനു ശേഷം ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി. കുഞ്ഞികൃഷ്ണന് പറഞ്ഞു.


