കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍, സംഭവദിവസം ആരും തന്നെ പരാതി നല്‍കിയിട്ടില്ലെന്നും ബസിലെ CCTV ദൃശ്യങ്ങളില്‍ അത്തരം സംഭവങ്ങള്‍ വ്യക്തമാകുന്നില്ലെന്നും ബസ് ജീവനക്കാര്‍ വ്യക്തമാക്കി. പയ്യന്നൂര്രാമന്തളി റൂട്ടിലോടുന്ന ‘അല്‍ അമീന്’ ബസിലെ കണ്ടക്ടര്‍ രാമകൃഷ്ണനും ഡ്രൈവര്‍ പ്രകാശനും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ആരെങ്കിലും പരാതി നല്കിയിരുന്നെങ്കില് ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും, ബസിലെ CCTV ദൃശ്യങ്ങളില്‍ ലൈംഗികാതിക്രമം നടന്നതായി കാണാനായില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
അതേസമയം, യുവാവ് ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ദീപക്കും ഷിംജിത മുസ്തഫയും ബസില്‍ കയറിയത് മുതല്‍ ഇറങ്ങുന്നതുവരെയുള്ള CCTV ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ബസിലെയും പരിസരങ്ങളിലെയും സ്വകാര്യ CCTV ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബസ് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തും. ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയുടെ മുഴുവന്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടപടി തുടങ്ങി. യുവതി വിദേശത്തേക്ക് കടന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി രാജ്യം വിട്ടതായാണ് വിവരം. നേരത്തെ ദുബൈയിലുണ്ടായിരുന്ന യുവതി അവിടേക്ക് മടങ്ങിയതാകാമെന്ന സംശയത്തിലാണ് പൊലീസ്. അറസ്റ്റ് ഭയന്നാണ് രാജ്യം വിട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ, യുവതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ദീപക്കിന്റെ കുടുംബത്തിന്റെയും യുവതിയുടെയും മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബസില്‍ ലൈംഗികാതിക്രമം നടന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
സംഭവത്തില്‍ യുവതിയെ പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS) 108-ാം വകുപ്പ് പ്രകാരം ആത്മഹത്യയ്ക്ക് പ്രേരണ നല്‍കിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പത്ത് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.
മരിച്ച ദീപക്കിന്റെ മാതാവ് കെ. കന്യക നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രാഥമിക വിവരശേഖരണത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.


