തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ദുരിതത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് 2026 -27ലേക്കുള്ള ബജറ്റ് ഇന്ന്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും തന്റെ ആറാമത്തെയും ബജറ്റാണ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് രാവിലെ 9ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റിനു മുന്‍പ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാല്‍ കേന്ദ്ര ധനകാര്യ കമ്മിഷന് ഗ്രാന്റ്, മറ്റു കേന്ദ്ര വിഹിതങ്ങള്‍, കേന്ദ്ര സ്കീമുകള്‍ തുടങ്ങിയവയുടെയൊക്കെ വിഹിതം സംസ്ഥാന ബജറ്റില്‍ ഉള്പെടുത്തുന്നതില് അനിശ്ചിതത്വമുണ്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷം ഈ കണക്കുകള്‍ സംസ്ഥാന ബജറ്റില്‍ ചേര്‍ത്ത് പുതുക്കിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വന്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പത്ത് വര്‍ഷമായി കടലാസിലൊതുങ്ങിയ പദ്ധതികള്‍ വരെ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്.


