തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് അമ്പല കള്ളന്മാരെ രക്ഷിക്കാനാണെന്നും, ഇതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായതെന്നും ചെന്നിത്തല പറഞ്ഞു.
എസ്ഐടിയുടെ അനാസ്ഥ മൂലമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണവുമായി ബന്ധപ്പെട്ട കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് ഇതുവരെ ലഭിക്കാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണെന്നും ചെന്നിത്തല ആരോപിച്ചു. മുന്‍ മന്ത്രിമാരെയും ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമാരെയും മനഃപൂര്‍വ്വം സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഇനിയും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല, സിപിഐഎമ്മിന്റെ പല നേതാക്കളും കേസില്‍ ജയിലില്‍ പോകാന്‍ ക്യൂ നില്ക്കുന്ന അവസ്ഥയാണെന്നും, അതുകൊണ്ടാണ് മുഖ്യമന്ത്രി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
സ്വര്‍ണക്കൊള്ളയുടെ സത്യാവസ്ഥ പുറത്തുവരണമെന്നും, ദേവസ്വം മന്ത്രിയുടെ കസേരയില്‍ തുടരാന്‍ മന്ത്രി വി.എന്‍. വാസവന് അര്‍ഹതയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എസ്ഐടിയുടെ അന്വേഷണത്തെ മരവിപ്പിക്കാനും കേസ് തേച്ച് മായ്ക്കാനും ഉന്നതതലങ്ങളില്‍ ഗൂഢാലോചന നടക്കുകയാണെന്നും, അതിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും, അയ്യപ്പ ഭക്തന്മാരുടെ വികാരങ്ങള്‍ വൃണപ്പെടുത്തിയ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ മുഴുവനായി അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.


