തിരുവനന്തപുരം: വര്‍ഗീയ സംഘടനകള്‍ക്ക് വഴങ്ങുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപങ്ങള്‍ തള്ളി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടേത് പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പരിഹസിച്ചു. വര്‍ഗീയതയെ താലോലിക്കുന്ന നേതാവാണ് പിണറായി വിജയന്. ഇപ്പോഴത്തെ പ്രതികരണങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ നേടാനാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ഒരു യുദ്ധം വീറോടെ ജയിച്ച് പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യം പോലെയാണ് പ്രതികരണം. തദ്ദേശ തെരഞ്ഞടുപ്പില്‍ ജനം കടുത്ത ശിക്ഷ കൊടുത്തു. ഇതില്‍ തകര്‍ന്നു നില്ക്കുന്ന ആള് തന്റെ സ്ഥാനമോ പദവിയോ നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് എന്നും കെ സി കുറ്റപ്പെടുത്തി. എങ്ങനെയും പത്ത് വോട്ട് കിട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെ എകെ ബാലന്റെ പ്രതികരണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.


