വിജയ് നായകനായ ചിത്രം ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പറയാന്‍ മാറ്റി. തീയതി പറയാതെയാണ് കേസ് മാറ്റിവെച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് കൗണ്ടര്‍ അഫിഡവിറ്റിന് സമയം അനുവദിച്ചില്ലെന്ന് കോടതിയില്‍ ആവര്‍ത്തിച്ചു. ചിത്രം റിവൈസിങ് കമ്മറ്റിക്ക് വിട്ട സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചെയര്‍പേഴ്സന്റെ ഉത്തരവ് നിര്‍മാതാക്കള്‍ ചോദ്യം ചെയ്തില്ലെന്നും സെന്‍സര്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. റിവൈസിങ് കമ്മിറ്റിക്ക് വിട്ടുവെന്ന സെന്‍സര്‍ ബോര്‍ഡിന്റെ അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും ചെയര്‍പേഴ്സന്റെ ഉത്തരവ് ഇത് വരെയും ലഭിച്ചിട്ടില്ലെന്നും കെവിഎന്‍ പ്രൊഡക്ഷന്‍സ് കോടതിയെ അറിയിച്ചു. ലഭിക്കാത്ത ഓര്‍ഡര്‍ എങ്ങനെ ചലഞ്ച് ചെയ്യും എന്നും വാദിച്ചു.
എക്സാമിനിങ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്കുന്നതില് പ്രശ്നമില്ല. ഒരാളുടെ തീരുമാനം മാത്രമായി എങ്ങനെ നടപ്പാക്കുമെന്നും കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ അഭിഭാഷകന് ചോദിച്ചു.


