കൊച്ചി: വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്ത്. ‘ ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മുസ്ലീം വിരുദ്ധത നിറഞ്ഞതാണ് സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2026 ഫെബ്രുവരി 27ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് സിനിമയുടെ സംവിധാനം. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.”നമ്മുടെ പെൺമക്കൾ പ്രണയത്തിലാകുന്നതല്ല, അവർ കെണികളിൽ വീഴുകയാണ്. ഇനി ഇത് സഹിക്കില്ല…പോരാടും,” എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ടീസർ പങ്കുവച്ചിരിക്കുന്നത്.
2023ൽ ഇറങ്ങിയ ആദ്യ ഭാഗത്തിൽ എന്ന പോലെ മതപരിവർത്തനം തന്നെയാണ് ഈ സിനിമയും ചർച്ച ചെയ്യുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് ‘ദി കേരള സ്റ്റോറി 2’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ആദ്യ ഭാഗത്തിലെ മലയാളി കഥാപാത്രങ്ങളുടെ അവതരണം വലിയ തോതിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച്, ആദ ശർമ അവതരിപ്പിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം.
സുദീപ്തോ സെന്‍ ഒരുക്കിയ ‘ദ കേരള സ്റ്റോറി’ തീവ്ര വലതുപക്ഷത്തിന് വേണ്ടി തയ്യാറാക്കിയ പ്രൊപ്പഗാണ്ട സിനിമയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളാ വിരുദ്ധതയും മുസ്ലീം വിരോധവും നിറഞ്ഞ ചിത്രത്തെ മലയാളി പ്രേക്ഷകര്‍ പരിഹസിച്ചു വിട്ടിരുന്നു. ഇത്തരം വിമര്‍ശനങ്ങളും വിവാദങ്ങളും രണ്ടാം ഭാഗം പുറത്തുവരുന്നതിന് പിന്നാലെയും ഉയര്‍ന്നേക്കുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.


