പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ഭജന ട്രൂപ്പായ ‘നന്ദ ഗോവിന്ദം’ പരിപാടിയില്‍ പങ്കെടുക്കുകയോ അവരെ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അവര്‍ക്ക് 8 ലക്ഷം രൂപ നല്‍കിയതായി കാണിച്ചാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബില്ല് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. എന്നാല്‍ തങ്ങള്‍ പമ്പയിലോ സന്നിധാനത്തോ ഇതുവരെ ഭജന നടത്തിയിട്ടില്ലെന്ന് നന്ദ ഗോവിന്ദം ഭജന്‍സ് സംഘം അറിയിച്ചിരിക്കുന്നത്.
നന്ദ ഗോവിന്ദം ട്രൂപ്പിന്റെ പേരില്‍ 8 ലക്ഷം രൂപ വകമാറ്റിയപ്പോള്‍, യഥാര്‍ത്ഥത്തില്‍ പരിപാടി അവതരിപ്പിച്ച സംഘത്തിന് എത്ര തുക നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. വിജയ് യേശുദാസ്, സുദീപ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത അയ്യപ്പ ഗാനമേളയുടെ ചെലവ് വിവരങ്ങളും ഓഡിറ്റിലില്ല.
അയ്യപ്പ സംഗമത്തിന് 5,000 പേര്‍ക്ക് ഉച്ചഭക്ഷണം നല്കിയ വകയില്‍ 8.5 ലക്ഷം രൂപ ചെലവായെന്നാണ് കണക്കുകള്‍. യഥാര്‍ത്ഥത്തില്‍ പങ്കെടുത്തവര്‍ ഇതിലും വളരെ കുറവാണെന്നാണ് സ്പെഷ്യല്‍ കമ്മീഷണറുടെ കണ്ടെത്തല്‍.
സ്പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകള്‍.
ഹൈക്കോടതിയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന്, കരാര്‍ ഏറ്റെടുത്ത ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയോട് (IIIC) മുഴുവന്‍ ബില്ലുകളും രേഖകളും ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ബോര്‍ഡ് ആസ്ഥാനത്ത് ചേരുന്ന അടിയന്തര യോഗത്തില്‍ ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തേക്കും.


