വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും, സ്ത്രീകള്‍ക്ക് സ്വന്തം ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണെന്നും നടി മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു. കേരള വനിതാ കമ്മീഷന്റെ ‘പറന്നുയരാം കരുത്തോടെ’ എന്ന ക്യാംപെയ്നിന്റെ ബ്രാന്‍ഡ് അംബാസിഡറായി സംസാരിക്കവെയാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. വിവാഹം കഴിക്കണോ വേണ്ടയോ എന്നത് സ്ത്രീകളുടെ സ്വന്തം തീരുമാനമായിരിക്കണമെന്ന് ഇന്നത്തെ പെണ്‍കുട്ടികള്‍ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്ന് മഞ്ജു പറഞ്ഞു. അതിലുപരി, മക്കളുടെ ഇത്തരം തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കി കൂടെ നില്ക്കുന്ന മാതാപിതാക്കളെ കാണുന്നതാണ് സമൂഹത്തില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റമായി താന്‍ കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
”വിവാഹം ഒന്നിന്റെയും അവസാന വാക്കല്ലെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കുന്ന കുട്ടികള്‍ ഇന്നുണ്ട്. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം എന്ന് പെണ്‍കുട്ടികള്‍ ഉറച്ചുവിശ്വസിക്കുന്നു. അതിനൊപ്പം, മക്കളുടെ തീരുമാനങ്ങള്‍ക്ക് പിന്തുണ നല്കി കൂടെ നില്ക്കുന്ന മാതാപിതാക്കളെ കാണുന്നത് സമൂഹം പോസിറ്റീവ് ദിശയിലേക്ക് മാറുന്നതിന്റെ തെളിവാണ്” എന്നും മഞ്ജു വാര്യര്‍ പറഞ്ഞു. സിനിമാരംഗത്ത് സജീവമായ മഞ്ജു വാര്യരുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാന്’ ആയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ആരോ’യിലും പ്രധാന വേഷത്തിലെത്തി.
മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സജീവമായ മഞ്ജു വാര്യര്‍ വെട്രിമാരന് സംവിധാനം ചെയ്ത ‘വിടുതലൈ’, ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘വേട്ടയ്യന്’ എന്നിവയിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അതേസമയം, ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിനും മഞ്ജു വാര്യര്‍ ഒരുങ്ങുകയാണ്.


