തെഹ്റാന്: ശത്രുവിന്റെ പൂര്‍ണ പരാജയം വരെ പോരാട്ടം തുടരുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് (IRGC) പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ ഇസ്രാഈലിന്റെയും അമേരിക്കയുടെയും എല്ലാ സൈനിക കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രസ്താവന.
ഇസ്രാഈല്‍ തലസ്ഥാനമായ തെല്‍ അവീവ് ലക്ഷ്യമാക്കി ഇറാന് മിസൈല്‍ ആക്രമണം നടത്തി. അതേസമയം ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു.
ഇറാനിലെ ഒരു വിദ്യാലയത്തിന് നേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം യാതൊരു പ്രകോപനവുമില്ലാതെയാണ് നെതന്യാഹുവും ട്രംപും ആക്രമണം ആരംഭിച്ചതെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി കുറ്റപ്പെടുത്തി. അമേരിക്കയുടെ ‘ഇസ്രാഈല്‍ ഫസ്റ്റ്’ നയത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘര്‍ഷത്തെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ വ്യോമപാതകള്‍ അടച്ചു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി.


