തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ‘ഡയസ്നോണ്‍’ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ്. പണിമുടക്കുന്ന ഡോക്ടര്‍മാരുടെ പട്ടിക കൈമാറാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ചില ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും ഇവരുടെ പേരുവിവരങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ഒപി ബഹിഷ്കരണത്തിന് പുറമെ, ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
ശമ്പള കുടിശ്ശിക നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുന്നില്ലെന്ന് കെജിഎംസിടിഎ പറഞ്ഞു. നിയമതടസ്സമില്ലെന്ന് ബോധ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിടുകയാണെന്നും സംഘടന പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.


