രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വിയില്‍ ബൗളര്‍മാരെ നേരിട്ട് കുറ്റപ്പെടുത്തി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്നതാണ് തോല്‍വിക്ക് കാരണമായതെന്ന് മത്സരശേഷം ഗില്‍ പറഞ്ഞു.
ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല. അഞ്ച് ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിനകത്ത് നില്ക്കുമ്പോള് വിക്കറ്റുകള്‍ വീഴ്ത്തിയില്ലെങ്കില്‍ കളി ജയിക്കുക ബുദ്ധിമുട്ടാണ്. മത്സരത്തില്‍ ഇന്ത്യ 15-20 റണ്‍സ് അധികം നേടിയിരുന്നെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കില്‍ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടാകുമായിരുന്നില്ല. മത്സരത്തിന്റെ ആദ്യ പത്തോവറില്‍ നമ്മള് മനോഹരമായാണ് പന്തെറിഞ്ഞത്. അവരുടെ ഓപ്പണര്‍മാരെ പുറത്താക്കാനും അവരെ സമ്മര്‍ദ്ദത്തിലാക്കാനും നമുക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മധ്യ ഓവറുകളില്‍ അവര്‍ മനോഹരമായി ബാറ്റ് ചെയ്തതോടെയാണ് കളി നമ്മുടെ കൈവിട്ട് പോയതെന്ന് ശുഭ്മാന്‍ ഗില്‍ കുറ്റപ്പെടുത്തി.
രണ്ടാം ഇന്നിംഗ്സിലെ ആദ്യ 10-15 ഓവറില്‍ ബൗളര്‍മാര്‍ക്ക് ചെറിയ സഹായം കിട്ടിയിരുന്നു. എന്നാല്‍ 20-25 ഓവര്‍ കഴിഞ്ഞതോടെ ബൗര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും കിട്ടാതായി. ഫീല്‍ഡിംഗ് പിഴവുകള്‍ നമുക്ക് തിരിച്ചടിയായി. ആദ്യ മത്സരത്തിലും ഫീല്‍ഡിംഗില്‍ ഒട്ടേറെ പിഴവുകള്‍ നമ്മള് വരുത്തിയിരുന്നു. വരും മത്സരങ്ങളില്‍ ഇത് മെച്ചപ്പെടുത്താനാണ് ശ്രമിക്കുകയെന്നും ഗില്‍ പറഞ്ഞു.


