പത്തനംതിട്ട: മല്ലപ്പള്ളി സ്വദേശിയായ ആലിന് ഷെറിന് എബ്രഹാമിന് ഇന്ന് കേരളം അന്ത്യാഞ്ജലി അര്‍പ്പിക്കും. അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്കിയ ആലിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിലേക്ക് കൊണ്ടുപോകും.
ഫെബ്രുവരി അഞ്ചിന് തിരുവല്ലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുംവഴി ചിങ്ങവനത്ത് ഉണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കിയെങ്കിലും വെള്ളിയാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഒരാഴ്ചയായി ചികിത്സയില്‍ തുടരുകയായിരുന്ന കുഞ്ഞിന്റെ നില ഗുരുതരമായിരുന്നു.
ഹൃദയം നുറുങ്ങുന്ന വേദനക്കിടയിലും പിതാവ് അരുണ്‍ എബ്രഹാമും മാതാവ് ഷെറിന് ആന്‍ ജോണും അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. അവരുടെ മഹത്തായ തീരുമാനത്തിലൂടെ അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവന്‍ ലഭിച്ചു.
ദുഃഖത്തില്‍ മുങ്ങിയിരിക്കുന്ന കുടുംബത്തിനൊപ്പമാണ് മലയാളക്കര മുഴുവന്‍. വേദനയെ അതിജീവിച്ച് അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ തീരുമാനം സമൂഹം നന്ദിയോടെ സ്മരിക്കുന്നു.


