കൊച്ചി:സിഗരറ്റ് നൽകാൻ വൈകിയെന്നാരോപിച്ച് കൊച്ചിയിൽ കടയിലെ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു. വൈറ്റിലയിലെ ഒരു കടയിലാണ് സംഭവം. പാലക്കാട് സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്.
ഇന്നലെ വൈകീട്ടുണ്ടായ സംഭവത്തിൽ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മർദനത്തിൽ പങ്കെടുത്ത മൂന്നംഗ സംഘത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
കടയിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരൻ ആ സമയത്ത് ജ്യൂസ് തയ്യാറാക്കുകയായിരുന്നുവെന്ന് പറയുന്നു. അത് കഴിഞ്ഞ് സിഗരറ്റ് നൽകാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സംഘം കാത്തുനിൽക്കാൻ തയ്യാറായില്ല.
തുടർന്ന് കടയ്ക്ക് മുന്നിൽ നിന്നുകൊണ്ട് അസഭ്യം പറയാൻ തുടങ്ങിയ സംഘത്തോട് ജീവനക്കാരൻ ചോദ്യം ചെയ്തതോടെ അവർ പ്രകോപിതരായി. പിന്നാലെ മൂന്നുപേരും ചേർന്ന് ജീവനക്കാരനെ ക്രൂരമായി മർദിക്കുകയായിരുന്നു.
Comments


