കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉംറയ്ക്കായി പുറപ്പെടാനെത്തിയ 46 തീർഥാടകരുടെ യാത്ര മുടങ്ങി. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതാണെന്ന് ആകാശ എയർ വിശദീകരിച്ചു. എന്നാൽ പകരം യാത്രാ സംവിധാനങ്ങളെക്കുറിച്ച് യാതൊരു അറിയിപ്പും നൽകിയിട്ടില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
യാത്ര മുടങ്ങിയതോടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രായമായവർ ഉൾപ്പെടെയുള്ള തീർഥാടകർ വിമാനത്താവളത്തിൽ ബുദ്ധിമുട്ടിലായി. പകരം യാത്രാ ക്രമീകരണങ്ങളോ ടെർമിനലിൽ തുടരുന്ന യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാതെയാണ് വിമാനക്കമ്പനിയുടെ നടപടി എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഇതിനിടെ പശ്ചിമേഷ്യയിലെ സാഹചര്യം ഗുരുതരമാകുകയാണ്. ഇറാനിൽ പണപ്പെരുപ്പം, ഭക്ഷ്യവില വർധന, കറൻസി മൂല്യത്തകർച്ച എന്നിവയെ തുടർന്ന് ഭരണമാറ്റം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാണ്. ഈ പ്രതിഷേധങ്ങൾക്ക് അമേരിക്ക സഹായം നൽകുന്നുവെന്ന് ആരോപിച്ച് മേഖലയിൽ ഉള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അമേരിക്കയ്ക്ക് സൈനിക ബേസുകളുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ കുറയ്ക്കാൻ വിവിധ വിമാനക്കമ്പനികൾ തീരുമാനിച്ചതെന്നാണ് വിവരം. ഇതാണ് ഉംറ തീർഥാടകരുടെ യാത്ര മുടങ്ങാൻ കാരണമായതെന്നും സൂചനകളുണ്ട്.


