മുംബൈ: 2011 ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച വേദിയാണ് വാംഖഡെ… ഓര്‍മയില്ലേ ശ്രീലങ്കക്കെതിരെ മഹേന്ദ്രസിംഗ് ധോണി പായിച്ച ഹെലികോപ്ടര്‍ സിക്സറും സച്ചിന് ടെണ്ടുല്‍ക്കറെ തോളിലേറ്റി നടന്ന വിരാത് കോലിയെയുമെല്ലാം… ഇന്ത്യന്‍ ക്രിക്കറ്റിന് സുവര്‍ണ സ്മരണകള്‍ സമ്മാനിച്ചിട്ടുളള വലിയ വേദിയില്‍ ഇന്ത്യക്കിന്ന് ടി-20 ലോകകപ്പ് സെമി ഫൈനല്‍. പ്രതിയോഗികള്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. വലിയ സ്ക്കോര്‍ പിറക്കുന്ന വേദിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വെടിയുതിര്ക്കുമെന്നതാണ് പ്രതീക്ഷ. ഇംഗ്ലീഷ് നിരയില്‍ കരുത്തരായ സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ അതിനെ ജാഗ്രതയോടെ നേരിടാത്തപക്ഷം തിരിച്ചടിയുമുണ്ടാവും.
ഇംഗ്ലണ്ട് മോശം തുടക്കത്തിന് ശേഷം പതിയെ ഫോമിലേക്ക് തിരികെയെത്തിയവരാണ്. സൂപ്പര്‍ എട്ടിലെ എല്ലാ മല്‍സരവും ജയിച്ചവര്‍. നായകന് ഹാരി ബ്രുക്കാണ് ഫോമില്‍ കളിക്കുന്നയാള്‍. പാക്കിസ്താനെതിരെ നേടിയ സെഞ്ച്വറിയാണ് അദ്ദേഹത്തിനുളള ആത്മവിശ്വാസം. അനുഭവ സമ്പന്നരില്‍ ജോസ് ബട്ലര്ക്ക് ഇത് വരെ ഫോം തെളിയിക്കാനായിട്ടില്ല. പക്ഷേ ഇന്ത്യക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡാണ് ബട്ലര്ക്ക്. ബാറ്റിംഗില്‍ വില്‍ ജാക്സ് അവസരോചിതം പെര്‍ഫോം ചെയ്യുമ്പോള്‍ ടോം ബാന്ഡണ് നായകന് തുടര്‍ച്ചയായി അവസരം നല്‍കുന്നുണ്ട്. ജേക്കബ് ബാതലിനും ആദ്യ ഇലവനില്‍ അവസരമുണ്ടാവും. ഓള്‍റൗണ്ടര്‍മാരില്‍ സാം കറന്, ലിയാം ഡോസണ് എന്നിവര്‍ കളിക്കുമ്പോള്‍ പേസില്‍ ജോഫ്രെ ആര്‍ച്ചര്‍ക്കൊപ്പം ജാമി ഓവര്ടണ് വരും. ആദില്‍ റഷീദ്, രേഹാന് അഹമ്മദ് എന്നീ സ്പിന്നര്‍മാരും ടീമിലെത്തുമ്പോള്‍ ഇന്ത്യന്‍ ലൈനപ്പില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്.
കൊല്‍ക്കത്തയില്‍ വിന്‍ഡീസിനെതിരെ പുറത്തെടുത്ത മാജിക് ഇന്നിംഗ്സിലുടെ സഞ്ജു സാംസണ് അഭിഷേകിനൊപ്പം ഇന്നിംഗ്സിന് തുടക്കമിടുമ്പോള്‍ ഇഷാന് കിഷന്, സുര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബേ, അക്സര്‍ പട്ടേല്‍ എന്നിവര്‍ തുടര്‍ന്ന് വരും. വരുണ്‍ ചക്രവര്‍ത്തിയാവും പ്രധാന സ്പിന്നര്‍. പേസര്‍മാരായി ജസ്പ്രീത് ബുംറയും അര്ഷദിപ് സിംഗും. ടോസ് നേടിയവര്‍ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്ക്കോര്‍ പടുത്തുയര്‍ത്താനാവും ശ്രമിക്കുക. ചെറിയ ബൗണ്ടറികളും ഫ്ളാറ്റ് ട്രാക്കുമായതിനാല്‍ ഏത് വലിയ സ്ക്കോറും പിന്തുടര്ന്ന് നേടാനാവുമെന്നത് രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. കളി ഏഴ് മുതല്‍.
ചേട്ടാ,തകര്‍ക്കണം
മുംബൈ: ഞാനിവിടെയെത്തിയത് ധാരാളം റണ്‍സ് സ്വന്തമാക്കാനല്ല, ടീമിന് ഗുണം ചെയ്യുന്ന കുറച്ച് റണ്‍സ് നേടാനാണ്- ഈ വാക്കുകള്‍ സഞ്ജു സാംസണിന്റേതായിരുന്നു. 2022 മെയില്‍ ഒരു യുട്യൂബ് അഭിമുഖത്തിലായിരുന്നു ഈ വാക്കുകള്‍. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ സ്ഥാനം നഷ്ടമായ വേളയില്‍, സെലക്ടര്‍മാരുടെ താല്‍പ്പര്യങ്ങളില്‍ സഞ്ജുവിന് ടി-20 സംഘത്തില്‍ സ്ഥാനമുണ്ടാവില്ല എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന വേളയിലായിരുന്നു ബ്രെയിക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന അഭിമുഖത്തിലെ വാക്കുകള്‍. അവസാന രണ്ട് ടി-20 മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 25 പന്തില്‍ 39 റണ്‍സും 12 പന്തില്‍ 18 റണ്‍സുമായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും നിറം മങ്ങിയ കാലം. 2022 ല്‍ ഇത്തരത്തില്‍ സംസാരിക്കുമ്പോള്‍ വിഴിഞ്ഞത്ത് നിന്നുളള പയ്യന്റെ പ്രായം 27 ആയിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ 2026 മാര്‍ച്ച്.
ഇന്ത്യന്‍ ടി-20 ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സഞ്ജു. 2024 ല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ ആ ടീമില്‍ സഞ്ജുവുണ്ടായിരുന്നു. പക്ഷേ ഒരു മല്‍സരത്തില്‍ പോലും അവസരം കിട്ടിയില്ല. പിന്നെ ടീമിന് അകത്തും പുറത്തുമായി. ഇടക്ക് ശുഭ്മാന്‍ ഗില്ലിനെ ടീമിലേക്ക് കൊണ്ട് വന്ന് വൈസ് ക്യാപ്റ്റനാക്കിയപ്പോള്‍ സഞ്ജുവിനത് വലിയ ആഘാതമായി. അഭിഷേക് ശര്‍മ ഫോമില്‍ കളിച്ചതോടെ അദ്ദേഹവും ഗില്ലും ഓപ്പണര്‍മാരായി. ഇടക്ക് ഗില്‍ മങ്ങിയപ്പോള്‍ സഞ്ജുവിനായുള്ള വാദം ശക്തമായി. അങ്ങനെ വീണ്ടും ലോകകപ്പ് സംഘത്തിലേക്ക് വന്നപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു.
പക്ഷേ ലോകകപ്പിന് തൊട്ട് മുമ്പായി നടന്ന ന്യുസിലന്ഡിനെതരയ പരമ്പരയില്‍ അഞ്ച് മല്‍സരങ്ങളില്‍ അവസരം കിട്ടിയിട്ടും വലിയ ഇന്നിംഗ്സ് കളിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വീണ്ടും ബെഞ്ചില്‍ തന്നെയാവുമോ എന്ന സംശയം ഉയര്‍ന്നു. എന്നാല്‍ ലോകകപ്പില്‍ അഭിഷേക് മങ്ങിയപ്പോള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ തകര്‍ന്നു. അതോടെ ടീമിലെ ഇടം കൈയ്യന്മാരുടെ ആധിപത്യം ചോദ്യം ചെയ്യപ്പെട്ടു. ഇവിടെയായിരുന്നു സഞ്ജുവിന്റെ ഭാഗ്യം തെളിഞ്ഞത്. സിംബാബ്വെക്കെതിരെ അവസരം. അത് പ്രയോജനപ്പെടുത്തി. ഭാഗ്യം അദ്ദേഹത്തെ നോക്കി പൂര്‍ണമായും പുഞ്ചിരിച്ചത് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലായിരുന്നു. കരിയറിലെ 328-ാമത് ടി 20 മല്‍സരം.
രോഹിത് ശര്‍മ (463), ദിനേശ് കാര്‍ത്തിക് (415), വിരാത് കോലി (414), എം.എസ് ധോണി (405), സുര്യകുമാര്‍ (358), രവീന്ദ്ര ജഡേജ (346), സുരേഷ് റൈന (336), ശിഖര്‍ ധവാന് (334), ആര്.അശ്വിന് (333), യുസവേന്ദ്ര ചഹല്‍ (329) എന്നിവര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ടി-20 കളിക്കുന്ന താരം. വിന്‍ഡീസിനെതിരായ നിര്‍ണായക മല്‍സരത്തില്‍ എല്ലാവരും പതറിയപ്പോള്‍ ക്രിക്കറ്റ് ലോകം കണ്ടത് സിക്സറിന് പിറകെ മാത്രം പോവാത്ത സഞ്ജുവിനെ. അച്ചടക്കമുള്ള ഇന്നിംഗ്സില്‍ അദ്ദേഹം ടീമിനെ വിജയത്തിരത്തെത്തിച്ചതോടെ ഇന്ത്യന്‍ സംഘത്തിലെ സൂപ്പര്‍ താരമാണിപ്പോള്‍ സഞ്ജു. രാജ്യത്തുടനീളം വലിയ കട്ടൗട്ടുകള്‍. മഹേന്ദ്രസിംഗ് ധോണിക്കും വിരാത് കോലിക്കുമുള്ള അത്ര ഫാന്‍സ്. ഇന്ന് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോള്‍ ആരാധകരുടെ കണ്ണുകള്‍ സഞ്ജുവിലേക്കാണ്…..


