റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബിയില്‍ പുതിയ രണ്ട് ടോള്‍ ഗേറ്റുകള്‍ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും അഫിലിയേറ്റായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) അറിയിച്ചു.
പ്രധാന റോഡുകളിലെ ഗതാഗതം വര്‍ദ്ധിപ്പിക്കുക, റോഡ് ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, തിരക്ക് കുറയ്ക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ക്യു-മൊബിലിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദുബൈ-അബുദാബി റോഡായ ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റില്‍ ഖന്തൂത്തിലും അബുദാബിയില്‍നിന്നും ശൈഖ് സായിദ് സ്ട്രീറ്റിന്റെ പ്രവേശന കവാടത്തില്‍ വഹാത് അല്‍ കരാമ സ്ട്രീറ്റിലുമാണ് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അബുദാബിയിലെ നിലവിലുള്ള ടോള്‍ സംവിധാനത്തില്‍നിന്നും വ്യത്യസ്തമായി പുതിയ രണ്ടുഗേറ്റുകളും ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കുറും പ്രവര്‍ത്തിക്കും. ഓരോ തവണ കടക്കുമ്പോഴും നാല് ദിര്‍ഹം വീ തമാണ് ഈടാക്കുക.
അബുദാബിയിലെ മറ്റു ടോള്‍ഗേറ്റുകളില്‍ നല്കുന്ന മുതിര്‍ന്ന പൗരന്മാര്, നിശ്ചയദാര്‍ഢ്യമുള്ളവര്‍, കുറഞ്ഞ വരുമാനമുള്ള പൗരന്മാര്, വിരമിച്ച പൗരന്മാര് എന്നിവരുള്‍പ്പെടെ യോഗ്യരായ വിഭാഗങ്ങള്‍ക്ക് ഒരു വാഹനത്തി ന് ഇളവ് പുതിയ ഗേറ്റിലും തുടരും.
ഗതാഗത സാന്ദ്രതയും ബദല്‍ റൂട്ടുകളുടെ ലഭ്യതയും പരിഗണിച്ചു വിശദമായ ട്രാഫിക് പഠനങ്ങളുടെ അടിസ്ഥാന ത്തിലാണ് രണ്ട് സ്ഥലങ്ങളുടെയും തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ഐടിസി അഭിപ്രായപ്പെട്ടു.
അബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പണം നല്‍കാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള ബദല്‍ സംവിധാനത്തെക്കുറിച്ച് അധികൃതര്‍തന്നെ പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്.
ശൈഖ് സായിദ് സ്ട്രീറ്റിന്റെ പ്രവേശന കവാടത്തിലും പുറത്തുകടക്കലിലും വഹാത് അല്‍ കറാമ സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന അല്‍ ഖുര്‍ം ടോള്‍ ഗേറ്റ് ഒഴിവാക്കുന്നതിനായി വാഹനമോടിക്കുന്നവര്‍ക്ക് ബദല്‍ റൂട്ടുകളായി ശൈഖ് റാഷിദ് ബിന്‍ സായിദ് സ്ട്രീറ്റോ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റോ ഉപയോഗിക്കാം. ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റില്‍ ഖന്ദൂത്തില് സ്ഥിതിചെയ്യുന്ന ഗേറ്റ് ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ട്രീറ്റ് തിരഞ്ഞെടുക്കാവുന്നതാണ്.
നഗര വികാസത്തിനും വര്‍ദ്ധിച്ചുവരുന്ന ഗതാഗത ആവശ്യകതയ്ക്കും അനുസൃതമായി അബുദാബിയുടെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഗേറ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നതെന്ന് ഐടിസി വ്യക്തമാക്കി.
Comments


