രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബി.ജെ.പിയുടെ സീല്‍ പ്രത്യക്ഷപ്പെട്ട സംഭവം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുകയാണ്. ക്രിമിനല്‍ കേസുകള്‍ ഉള്ളവര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ കാര്യങ്ങള്‍ ഉള്‍പ്പെടെ ഉള്‍പ്പെടുത്തി 2019 മാര്‍ച്ച് 19 ന് കമ്മീഷന് തയ്യാറാക്കിയ കത്താണ് രണ്ട് ദിവസം മുന്‍പ് ഇമെയിലിലൂടെ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റ ജോലി ബി.ജെ.പിയുടെ പാര്‍ട്ടി പണി ആണെന്ന പ്രതിപക്ഷത്തിന്റെ നിരന്തര ആരോപണങ്ങള്‍ക്കിടയിലുണ്ടായ ഈ പിഴവ് ക്ലറിക്കല്‍ മിസ്റ്റേക്കാണെന്ന ഒറ്റവാക്കിലുള്ള വിശദീകരണത്തിലൊതുക്കുകയാണ് കമ്മീഷനെങ്കിലും കാര്യങ്ങള്‍ അത്രനിഷ്കളങ്കമായികാണാനാവില്ലെന്നാണ് വര്‍ത്തമാന സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ചരിത്രത്തിലാധ്യമായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിപക്ഷം പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയംകൊണ്ടുവരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുന്നത്. അദ്ദേഹം സര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വോട്ടര്‍ പട്ടിക പരിഷ്കരണത്തിലൂടെ വ്യാപകമായി ആളുകളെ പട്ടികയില്‍നിന്ന് പുറത്താക്കിയെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മാര്‍ച്ച് 12ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി സമര്‍പ്പിച്ച നോട്ടീസില്‍ ഗ്യാനേഷ് കുമാറിനെതിരെ നിരത്തി ഏഴ് പ്രധാന കുറ്റങ്ങളാണുള്ളത്. ലോക്സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരും ഇംപീച്ച്മെന്റ് പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. നിയമനത്തിലെ വിവാദം, നിഷ്പക്ഷത നഷ്ടമായി, പക്ഷപാതപരമായ പ്രസ്താവന, സമീപനം വിവേചനം, എസ്ഐആര്‍ നടപടികളിലെ വിവാദം, പൗരത്വ പരിശോധനയുടെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിവന്‍തോതില്‍ വോട്ടര്‍മാരെ ഒഴിവാക്കി, നീതിന്യായ നടപടി തടസപ്പെടുത്തി തുടങ്ങിയവയാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രം. സുപ്രീംകോടതി അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ പ്രക്രിയയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറെ നീക്കം ചെയ്യുകയെന്നതെങ്കിലും പക്ഷപാതപരമായ അദ്ദേഹത്തിന്റെ ചെയ്തികളെ തുറന്നുകാണിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നത്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ഇലക്ഷന് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദവും പക്ഷപാതപരവുമായിരുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. പ്രത്യേകിച്ച് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. രാഷ്ട്രീയ നിരീക്ഷകരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുമെല്ലാം ഈ ആരോപണങ്ങള്‍ക്ക് അനുഗുണമായ രീതിയില്‍ പലപ്പോഴും രംഗത്തുവരികയും ചെയ്തിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യംനടത്തിയ ഉജ്ജ്വലമായ മുന്നേറ്റത്തിനുശേഷം അതേ തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ നടന്നിട്ടുള്ള കൃത്രിമങ്ങളെക്കുറിച്ച് രേഖാമൂലമുള്ള തെളിവുകളുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത് രാജ്യത്തിന്റെയാകെ ശ്രദ്ധയിലേക്ക് പ്രസ്തുത വിഷയത്തെ കൊണ്ടുവരികയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലും വലിയ തോതില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ക്രിത്രിമം നടന്നുവെന്നും ഓരോ മണ്ഡലത്തിലെയും വോട്ടര്‍മാരുടെ കണക്കും പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ടും തമ്മില്‍ അസാധാരണമായ പൊരുത്തക്കേടുകള്‍ ഉണ്ടായെന്നും വോട്ട് ചേര്‍ത്തതില്‍ തന്നെ വലിയ കൃത്രിമം നടന്നുവെന്നും ഇവയില്‍ എല്ലാം തിരഞ്ഞടുപ്പ് കമ്മീഷന് ഉള്‍പ്പെട്ടു എന്ന് രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ കണക്കുകള്‍ നിരത്തി പറഞ്ഞിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടും കമ്മിഷന് വോട്ടര്‍ പട്ടിക നല്കാന് സന്നദ്ധമായില്ല, സി.സി.ടി.വി ദൃശ്യങ്ങള്‍ വരെ ഒന്നര മാസത്തിനകം നശിപ്പിച്ചു കളയുകയാണ് ഉണ്ടായത്, ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വിവരങ്ങള്‍ നല്കാതിരിക്കാന് കമ്മീഷന് നയംമാറ്റി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളായിരുന്നു രാഹുല്‍ ഉന്നയിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍, 2014 മുതല്‍ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ടായിരുന്നെന്നും ഇപ്പോള്‍ അത് പുറത്തായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പിന്നീട് എസ്.ഐ.ആര് വിഷയത്തിലും ഇതേ ആരോപണങ്ങള്‍ കമ്മീഷനെതിരെ ഉയരുകയുണ്ടായി.
അര്‍ഹരായ ലക്ഷക്കണക്കിനാളുകളെ രാജ്യത്തെമ്പാടുമായി വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായതായി പ്രതിപക്ഷം ഒന്നടങ്കം ആരോപണമുന്നയിക്കുകയുണ്ടായി. ബംഗാളിലെ കമ്മീഷന്റെ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി നേരിട്ട് സുപ്രീംകോടതിയിലെത്തി വാദങ്ങള്‍ നിരത്തുന്നതിനുവരെ രാജ്യം സാക്ഷ്യംവഹിച്ചു. മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നസംസ്ഥാനങ്ങളില്‍ തിടുക്കപ്പെട്ട് എസ്.ഐ.ആര് നടപ്പാക്കിയതും കമ്മീഷനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയുണ്ടായി. സമയപരിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തോട് വിമുഖത കാട്ടിയ കമ്മീഷന് 60 ലക്ഷത്തിലധികം വോട്ടര്‍മാരെ പുറത്താക്കിയ ബിഹാര്‍ മാതൃക മറ്റു സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടായ ക്ലറിക്കല്‍ മിസ്റ്റേക്കും വിരല്‍ ചൂണ്ടുന്നത് അപകടകരമായ അവസ്ഥാ വിശേഷത്തിലേക്കാണ്. ബി.ജെ.പിക്ക് ഒരുപ്രതീക്ഷയുമില്ലാത്ത സംസ്ഥാനത്ത് സാനിധ്യമെങ്കിലുമറിയിക്കാന്‍ ജനവിധി അട്ടിമറിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് അവര്‍ക്കുതന്നെ ഉറപ്പുള്ള സാഹചര്യത്തില്‍ അതീവ ഗൗരവതരമായ ജാഗ്രതയാണ് ജനാധിപത്യ പ്രസ്താനങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ ആവശ്യപ്പെടുന്നത്.


