വിവാദമായ എപ്സ്റ്റീന് ഫയലുകള്‍ ഉപയോഗിച്ച് ട്രംപ് മോദിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും നിയന്ത്രിക്കുകയുമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ട്രംപ് ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അടിമയായി മാറിയിരിക്കുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ചിറ്റാപുരില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മോദി ഇന്ത്യയെ പണയം വെച്ചിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.
അമേരിക്കയുമായുള്ള വ്യാപാര കരാറുകള്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ കഴിയാത്ത വിധം ഇന്ത്യ കരാറുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും, അതേസമയം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം വലിയ തോതില്‍ തീരുവ ചുമത്തുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ട്രംപുമായുള്ള സൗഹൃദം രാജ്യത്തെ നശിപ്പിക്കുകയാണെന്നും ഇന്ത്യയെ വീണ്ടും അടിമത്തത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ലോകനേതാക്കളെ ഭീഷണിപ്പെടുത്തുന്ന അമേരിക്കന്‍ നയത്തെയും ഖാര്‍ഗെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇറാന്റെയും വെനിസ്വേലയുടെയും നേതാക്കള്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടാല്‍ ആ രാജ്യവും ലോകവും എങ്ങനെ സുരക്ഷിതമാകുമെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്ക പറയുന്നതുപോലെ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടമാണ് നിലവില്‍ ഇന്ത്യയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


